കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ഒന്നേകാല്‍ കോടി കടന്ന് കൊവിഡ് വാക്സിനേഷൻ - kerala vaccination

ഇതുവരെ സംസ്ഥാനത്ത് 1,27,59,404 ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളത്. വാക്സിനേഷന്‍ എല്ലാവര്‍ക്കും സൗജന്യമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരിലും എത്തിക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ ശ്രമം.

വാക്സിനേഷൻ  Covid vaccination  Covid  vaccination  കൊവിഡ് വാക്സിനേഷൻ  കേരള കൊവിഡ് വാക്സിനേഷൻ  kerala Covid vaccination  kerala vaccination  വാക്സിന്‍
സംസ്ഥാനത്ത് ഒന്നേകാല്‍ കോടി കടന്ന് കൊവിഡ് വാക്സിനേഷൻ

By

Published : Jun 23, 2021, 5:09 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷൻ ഒന്നേകാല്‍ കോടി കടന്നു. ഇതുവരെ സംസ്ഥാനത്ത് 1,27,59,404 ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളത്. ഇവയിൽ 1,00,69,673 പേർക്ക് ആദ്യ ഡോസ് വാക്സിനും 26,89,731 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കിയിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന കണക്ക്. സ്ത്രീകളാണ് പുരുഷന്‍മാരേക്കേള്‍ കൂടുതല്‍ വാക്സിന്‍ സ്വീകരിച്ചത്. 51,99,069 സ്ത്രീകളും 48,68,860 പുരുഷന്‍മാരും ഇതുവരെ വാക്സിന്‍ സ്വീകരിച്ചു.

ഒന്നേകാല്‍ കോടി കടന്ന് വാക്സിനേഷൻ ഡ്രൈവ്

1,16,41,451 ഡോസ് കോവിഷീല്‍ഡ് വാക്സിനും 11,17,931 ഡോസ് കോവാക്സിനും സംസ്ഥാനത്ത് വിതരണം ചെയ്‌തിട്ടുണ്ട്. 18നും 44നും ഇടയ്ക്ക് പ്രായമുള്ള 22,68,228 പേരും 45നും 60നും ഇടയ്ക്കുള്ള 37,94,936 പേരും 60 വയസിന് മുകളില്‍ പ്രായമുള്ള 39,93,967 പേരുമാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്.

ആരോഗ്യ വകുപ്പിന്‍റേത് ആസൂത്രണത്തോടെയുള്ള നടത്തിപ്പ്

സംസ്ഥാനത്ത് ഇതുവരെ 1,24,01,800 ഡോസ് വാക്സിനാണ് ലഭ്യമായത്. എന്നാല്‍ ലഭ്യമായ ഡോസ് വാക്സിൻ ഒട്ടും പാഴാക്കാതെ കേരളത്തിലെ നഴ്‌സുമാര്‍ ഉപയോഗപ്പെടുത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കൃത്യമായ ആക്ഷന്‍ പ്ലാന്‍ തയാറാക്കിയുള്ള പ്രവര്‍ത്തനത്തിലൂടെയാണ് ഇത്തരത്തില്‍ വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ കേരളത്തിനായത്. രാജ്യത്ത് വാക്സിനേഷന്‍ ആരംഭിച്ചപ്പോള്‍ തന്നെ സംസ്ഥാനം ഇതിനായി ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.

വാക്സിനേഷനായി കൂടുതൽ പദ്ധതികൾ

60 വയസിനു മുകളിലുള്ളവര്‍ക്ക് വാക്സിനേഷന്‍ ആരംഭിച്ചപ്പോള്‍ എത്രയും വേഗത്തില്‍ പരമാവധി പേരിലേക്ക് എത്തിക്കാനായുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വാക്സിന്‍ വിതരണം എന്നത് പല വയോധികര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയതോടെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സംവിധാനവും മെഗാ വാക്‌സിന്‍ ക്യാംപുകളും ആരംഭിച്ചു. പലപ്പോഴും മെഗാ വാക്സിന്‍ ക്യാംപുകളിലെ തിരക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന പരാതി സജീവമായി. ഇത് മറികടക്കാന്‍ കൂടുതല്‍ വാക്സിനേഷന്‍ സെന്‍ററുകള്‍ ആരോഗ്യ വകുപ്പ് ആരംഭിച്ചു.

വാക്സിൻ ക്ഷാമം; തളരാതെ കേരളം

45 വയസിന് മുകളിലുള്ളവരെയും പിന്നാലെ 40 വയസിനു മുകളിലുള്ളവരേയും കൂടി വാക്സിനേഷന്‍ പരിധിയില്‍ ഉൾപ്പെടുത്തിയതോടെ തിരക്ക് വർധിച്ചു. ഇതോടൊപ്പം തന്നെ വാക്സിന്‍ ക്ഷാമവും ഈ ഘട്ടത്തില്‍ വലിയ രീതിയില്‍ വെല്ലുവിളിയായി. ഇതോടെ സ്‌പോട്ട് രജിസ്‌ട്രേഷന് മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് വാക്സിന്‍ ലഭിക്കാത്ത സാഹചര്യമായി. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ വാക്സിന്‍ ലഭിക്കുന്നതിനായി സംസ്ഥാനം ശക്തമായി സമ്മർദം ചെലുത്തിയതിന്‍റെ ഭാഗമായി വാക്സിന്‍ ഡോസുകള്‍ ലഭിച്ചതിനാല്‍ വാക്സിനേഷന്‍ സ്തംഭിപ്പിക്കാതെ മുന്നോട്ട് കൊണ്ടു പോകാനായി.

ഏറ്റവും കൂടുതല്‍ വാക്സിനേഷൻ തലസ്ഥാനത്ത്

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കിയിരിക്കുന്നത്. എറണാകുളം, തൃശൂര്‍ ജില്ലകള്‍ ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ 15 ലക്ഷത്തിലധികം വാക്സിനും തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ പത്ത് ലക്ഷത്തിലധികം ഡോസ് വാക്സിനും വിതരണം ചെയ്തിട്ടുണ്ട്.

പരമാവധി പേരിലേക്ക് വാക്സിൻ എത്തിക്കാൻ ശ്രമം

പ്രതിദിനം രണ്ട് മുതല്‍ രണ്ടര ലക്ഷത്തോളം പേര്‍ക്ക് വാക്സിന്‍ നല്‍കുന്നതിനുള്ള ആക്ഷന്‍ പ്ലാനാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ചൊവ്വാഴ്‌ച 2.62 ലക്ഷം ഡോസ് വാക്സിനും ബുധനാഴ്‌ച 2.30 ലക്ഷം ഡോസ് വാക്സിനുമാണ് വിതരണം ചെയ്തിരിക്കുന്നത്. വാക്സിനേഷന്‍ എല്ലാവര്‍ക്കും സൗജന്യമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരിലും എത്തിക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ ശ്രമം.

ABOUT THE AUTHOR

...view details