തിരുവനന്തപുരം : സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം 12,000ന് മുകളിലെത്തിയിട്ടും കാര്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെ സംസ്ഥാന സര്‍ക്കാര്‍. രാജ്യത്ത് 2,47,417 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത്. അതില്‍ 12742 കേസുകള്‍ കേരളത്തിലാണ്. രാജ്യത്ത് കൊവിഡ് പ്രതിദിന കണക്കുകളില്‍ ഏഴാം സ്ഥാനത്താണ് കേരളം.
രോഗബാധ വര്‍ധിച്ച മറ്റ് സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുമ്പോഴും സര്‍ക്കാര്‍ കാര്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന് നിബന്ധനകള്‍ പുറപ്പെടുവിച്ച് ഉത്തരവിറക്കിയെങ്കിലും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ ഒരു നടപടിയുമില്ല.
നിയന്ത്രണങ്ങൾ പേരിന് മാത്രം
കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കിയിട്ടുണ്ട്. ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ഓണ്‍ലൈനായി നടത്തണം.
അടച്ചിട്ട ഹാളിനുള്ളിലും തുറസായ സ്ഥലത്തും നടക്കുന്ന പരിപാടികളില്‍ ആൾക്കൂട്ട നിയന്ത്രണവും സാമൂഹിക അകലവും ഉണ്ടാകണം തുടങ്ങിയ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ നിര്‍ദേശങ്ങളൊന്നും തന്നെ ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎം പോലും പാലിക്കുന്നില്ല.
500 പേരെ പങ്കെടുപ്പിച്ച് മെഗാ തിരുവാതിരയും അടച്ചിട്ട ഹാളില്‍ 150ലധികം പേരെ പങ്കെടുപ്പിച്ച് പ്രതിനിധി സമ്മേളനവും സംഘടിപ്പിക്കുന്നു. ജില്ല സമ്മേളനങ്ങള്‍ നടക്കുന്നതിനാലാണ് സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കാത്തതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
സ്‌കൂളുകൾ അടയ്ക്കുന്ന കാര്യത്തിൽ അവലോകന യോഗത്തില്‍ തീരുമാനം
പ്രതിദിന രോഗികളുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിച്ചിട്ടും സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വിവിധ കോണുകളില്‍ നിന്ന് ഇക്കാര്യത്തില്‍ വിമര്‍ശനം ഉയര്‍ന്നതോടെ ഇന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി മുഖ്യമന്ത്രിയുമായി സ്‌കൂളുകള്‍ അടയ്ക്കുന്ന കാര്യത്തില്‍ പ്രത്യേകം ചര്‍ച്ച നടത്തി. നാളത്തെ അവലോകന യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് ഇപ്പോഴത്തെ ധാരണ.
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നതിനൊപ്പം തന്നെ ഒമിക്രോണ്‍ ഭീഷണിയും വര്‍ധിക്കുകയാണ്. പത്തനംതിട്ടയില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍ തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒമിക്രോണിന്‍റെ സമൂഹ വ്യാപന ഭീഷണി അടുക്കുകയാണെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തല്‍. ഇനിയും നിയന്ത്രണങ്ങള്‍ കടുപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന മുന്നറിയിപ്പും സര്‍ക്കാറിന് മുന്നിലുണ്ട്.
72,808 സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് കഴിഞ്ഞ ദിവസം 12,742 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് 15ന് മുകളിലാണ്. ഇത്രയും ഗുരുതരമായ സ്ഥിതിയിലെത്തിയിട്ടും നിയന്ത്രണങ്ങളില്ലാതെ സംസ്ഥാനത്തിന് മുന്നോട്ട് പോകാനാകില്ല.
Also Read: India Covid Updates | രാജ്യത്ത് കൊവിഡ് ബാധിതര്‍ രണ്ടര ലക്ഷത്തിലേക്ക് ; 2,47,417 പേര്‍ക്ക് കൂടി രോഗബാധ