തിരുവനന്തപുരം: ഇനിയൊരു ലോക്ക്‌ഡൗണിലേക്ക് നീങ്ങാതിരിക്കാനുള്ള ജാഗ്രതയിലാണ് സംസ്ഥാനത്തെ വ്യാപാരികൾ. കൊവിഡ് ഒന്നാം വ്യാപന കാലത്തെ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറി വരുമ്പോഴാണ് രണ്ടാം വ്യാപനം കൊടുമ്പിരി കൊള്ളുന്നത്.
വീണ്ടും കടകൾ അടച്ചിട്ടാൽ പിടിച്ചു നിൽക്കാനാവില്ലെന്ന തിരിച്ചറിവിൽ സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ കർശനമായി പാലിക്കുകയും വ്യാപനത്തിന് വഴിയൊരുക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയുമാണ് വ്യാപാരികൾ. ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയാൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി വ്യാപനത്തിന്‍റെ തുടക്കത്തിൽ തന്നെ വ്യാപാരികൾ സർക്കാരിനെ സമീപിച്ചിരുന്നു. തങ്ങളുടെ നിലപാടു കൂടി കണക്കിലെടുത്താണ് ലോക്ക്‌ഡൗൺ ഒഴിവാക്കി കർശന നിയന്ത്രണങ്ങളോടെ മുന്നോട്ടു പോകാൻ സംസ്ഥാന സർക്കാർ തയ്യാറായതെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ വായനയ്‌ക്ക്:സംസ്ഥാനത്ത് ലോക്ക്‌ഡൗണിന് തുല്യമായ നിയന്ത്രണങ്ങള്‍
അതേസമയം രാത്രി ഏഴരയ്‌ക്ക് കടകൾ പ്രവർത്തനമവസാനിപ്പിക്കണമെന്ന സർക്കാർ നിർദേശം അശാസ്‌ത്രീയമാണെന്ന് ഇവർ പറയുന്നു. ഇത് തിരക്ക് വർധിപ്പിക്കാനേ വഴിയൊരുക്കൂ. എന്നിരുന്നാലും സമയ ക്രമീകരണങ്ങളോട് എതിർപ്പുണ്ടെങ്കിലും സർക്കാരിനോട് സഹകരിക്കാനാണ് വ്യാപാരികളുടെ യോജിച്ച തീരുമാനം.
കൂടുതൽ വായനയ്‌ക്ക്:സംസ്ഥാനത്ത് സമ്പൂർണ ലോക്ക്‌ഡൗണ്‍ ഇല്ല ; വാരാന്ത്യ മിനി ലോക്‌ഡൗണ്‍ തുടരും
കൊവിഡ് കാലം ആരംഭിച്ചതു മുതൽ ഏറിയ പങ്ക് വ്യാപാരികളുടെയും വായ്‌പാ തിരിച്ചടവുകൾ മുടങ്ങിയിരിക്കുകയാണ്. പ്രാദേശികമായി തെരുവ് കച്ചവടങ്ങൾ വ്യാപിച്ചതോടെ കടകളിലേക്ക് ഉള്ള ആളുകളുടെ വരവ് കുറയുകയും അതുകൊണ്ട് തന്നെ കച്ചവട രംഗത്തും പ്രതിസന്ധി നേരിടുകയാണെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. വ്യാപകമായ തൊഴിൽ നഷ്‌ടമാണ് നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. രോഗവ്യാപനം നിയന്ത്രണാതീതമായി ലോക്ക്‌ഡൗൺ സാഹചര്യത്തിലേക്ക് നീങ്ങിയാൽ രാജ്യമാകെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്നും വ്യാപാരികൾ കൂട്ടിച്ചേർത്തു.