തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ തടവുകാർക്ക് കൊവിഡ് പടരുന്ന സാഹചര്യം ഒഴിവാക്കാൻ അതീവ ജാഗ്രതയോടെ ജയിൽവകുപ്പ്. മാസ്കിൻ്റെയും സാനിറ്റൈസറിൻ്റെയും ഉപയോഗം തടവുകാരിൽ കർശനമാക്കി. കൊവിഡ് ഒന്നാംഘട്ട വ്യാപന സമയത്ത് സ്വീകരിച്ച നടപടികൾ രണ്ടാം ഘട്ടത്തിലും കർശനമായി നടപ്പാക്കുന്നതിനൊപ്പം പരിശോധനകളും വ്യാപകമാക്കി. എല്ലാ ജീവനക്കാരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു. തടവുകാരുടെ വാക്സിനേഷൻ ഘട്ടം ഘട്ടമായി നടത്തി വരികയാണെന്ന് ഡിഐജി സന്തോഷ് സുകുമാരൻ ഇടിവി ഭാരതിനോട് പറഞ്ഞു.
ആറായിരത്തോളം തടവുകാരാണ് സംസ്ഥാനത്തെ ജയിലുകളിലുള്ളത്. ഇതിൽ 5100 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ 413 പേർക്ക് രോഗം സ്ഥിരീകരിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ 139 പേർക്കും എറണാകുളം ജില്ലാ ജയിലിൽ 72 പേർക്കും തിരുവനന്തപുരം ജില്ല ജയിലിൽ 50 പേർക്കും വിയ്യൂർ സെൻട്രൽ ജയിലിൽ 33 പേർക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം ആദ്യഘട്ട വ്യാപനത്തിൽ 550 ഓളം പേർക്ക് രോഗം ബാധിച്ച തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ഇത്തവണ രണ്ടുപേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.