തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറി സർക്കാർ. കണ്ടെയിൻമെന്‍റ് സോൺ നിശ്ചയിക്കാനും കൊവിഡ് വിവരങ്ങൾ ശേഖരിക്കാനുമുള്ള ചുമതലയാണ് ദുരന്തനിവാരണ അതോറിറ്റിക്ക് നൽകിയിരിക്കുന്നത്. നേരത്തെ പൊലീസിനായിരുന്നു ഈ ചുമതലകൾ നൽകിയിരുന്നത്.
കൊവിഡ് പ്രതിരോധ ചുമതല ഇനി ദുരന്ത നിവാരണ അതോറിറ്റിക്ക് - ദുരന്ത നിവാരണ അതോറിറ്റി
കണ്ടെയിൻമെന്‍റ് സോൺ നിശ്ചയിക്കാനും കൊവിഡ് വിവരങ്ങൾ ശേഖരിക്കാനുമുള്ള ചുമതലയാണ് ദുരന്തനിവാരണ അതോറിറ്റിക്ക് നൽകിയിരിക്കുന്നത്.

പൊലീസുമായി ചർച്ച നടത്തി അവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകിയ നിർദേശം. ഇത് പ്രകാരം വിവരങ്ങൾ ശേഖരിക്കുക, കണ്ടെയൻമെൻ്റ് സോണുകൾ നിശ്ചയിക്കുക തുടങ്ങിയ ചുമതലകൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയായിരിക്കും നിർവഹിക്കുക. നിയന്ത്രണങ്ങൾ നടപ്പാക്കുക മാത്രമാണ് ഇനി മുതൽ പൊലീസിനുള്ള ചുമതല.
നേരത്തെ ഈ ചുമതലകളെല്ലാം പൊലീസിന് കൈമാറിയത് വിവാദമായിരുന്നു. സമ്പർക്ക പട്ടികയടക്കം തയാറാക്കുന്നതിൽ നിന്ന് ഹെൽത്ത് ഇൻസ്പെക്ടർമാരെ മാറ്റി സ്ഥലത്തെ പൊലീസ് സ്റ്റേഷനിലെ എസ്.ഐയെ ചുമതലപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് നിലനിൽക്കെയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലകാണ് പുതിയ ഉത്തരവ് ഇറക്കിയത്. മേഖലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് മുമ്പ് ജനങ്ങളെ അറിയിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.