സംസ്ഥാനത്ത് 1,310 പേർക്ക് കൂടി കൊവിഡ്
17:23 July 31
ചില സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള കണക്കുകൾ മാത്രമേ ഇന്നലെ റിപ്പോർട്ട് ചെയ്‌തിരുന്നുള്ളു. അതിനാൽ രണ്ട് ദിവസത്തെ രോഗികളുടെ എണ്ണമാണിത്.
തിരുവനന്തപുരം: സംസ്ഥാനത്ത് 1,310 പേർക്ക് കൂടി കൊവിഡ് മഹാമാരി സ്ഥിരീകരിച്ചു. ഇന്നലെത്തെ 425 പേരുടെയും ഇന്നത്തെ 885 പേരുടെയും പരിശോധനാഫലമാണിത്. അതേസമയം രോഗ ബാധിതരായിരുന്ന 864 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. അതില്‍ 36 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം സമ്പർക്ക രോഗികൾ (311) ഉള്ളത്. 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
തിരുവനന്തപുരം 320, എറണാകുളം 132, പത്തനംതിട്ട 130, വയനാട് 124, കോട്ടയം 89, കോഴിക്കോട് 84, പാലക്കാട് 83, മലപ്പുറം 75, തൃശൂര്‍ 60, ഇടുക്കി 59, കൊല്ലം 53, കാസർകോട് 52, ആലപ്പുഴ 35, കണ്ണൂര്‍ 14 എന്നിങ്ങനെയാണ് ഇന്ന് രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം, പാലക്കാട് കാസർകോട് ജില്ലകളിലെ ഫലമായിരുന്നു വ്യാഴാഴ്‌ച പുറത്തു വിടാൻ കഴിയാതിരുന്നത്. ഇന്ന് മൂന്ന് പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ ചികിത്സയിലായിരുന്ന ബൈഹൈക്കി (59), ഏലിയാമ്മ (85), കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന രുക്‌മിണി (56) എന്നിവരാണ് മരിച്ചത്. ഇതോടെ ആകെ മരണം 73 ആയി. തൃശൂര്‍ ജില്ലയിലെ നാല് കെ.എസ്.ഇ. ജീവനക്കാര്‍ക്കും ഒരു കെ.എല്‍.എഫ്. ജീവനക്കാരനും എറണാകുളം ജില്ലയിലെ ഐ.എന്‍.എച്ച്.എസിലെ 20 ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 1,43,323 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ഇതിൽ 10,172 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 1292 പേരെ കൂടി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവിൽ 498 സ്ഥലങ്ങൾ ഹോട്ട് സ്‌പോട്ടായി തുടരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,279 സാമ്പിളുകൾ പരിശോധിച്ചു. ഇതോടെ സംസ്ഥാനത്ത് പരിശോധനക്ക് വിധേയമാക്കിയ സാമ്പിളുകളുടെ എണ്ണം 7,76,268 ആയി.