തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണം കൂടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. പുതിയ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകള്‍ തുറക്കാൻ നടപടിയെടുത്ത് തിരുവനന്തപുരം ജില്ലാ ഭരണകൂടം. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ.
കേരളത്തിൽ തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് രോഗികൾ കൂടുമെന്ന് മുന്നറിയിപ്പ് - സി.എഫ്.എൽ.ടി.സി
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തിരുവനന്തപുരം ജില്ലാ ഭരണകൂടം തീരുമാനിച്ചു
പൊതുജനങ്ങൾ കൂടുതലായി സാമൂഹിക ഇടപെടലുകൾ നടത്തിയതോടെ രണ്ടാഴ്‌ചയ്‌ക്കിടെ രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ ജില്ലയിൽ 11 സി.എഫ്.എൽ.ടി.സികൾ തുറക്കാനാണ് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശം നൽകിയിരിക്കുന്നത്. 1,380 കിടക്കകൾ സജ്ജമാക്കാനാണ് തീരുമാനം.
ഇപ്പോൾ തിരുവനന്തപുരത്ത് രോഗികളുടെ എണ്ണം കുറവാണ്. സി.എഫ്.എൽ.ടി.സികളിലെ 70 ശതമാനത്തോളം കിടക്കകളും ഒഴിഞ്ഞ് കിടക്കുകയാണ്. വിദ്യാലയങ്ങളുടെ ഭാഗമായി ആരംഭിച്ച സി.എഫ്.എൽ.ടി.സികളും സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്‍റ് കേന്ദ്രങ്ങളും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈൻ സെന്‍ററുകളും മാറ്റി സ്ഥാപിക്കാനും ജില്ലാ കലക്‌ടർ നവജ്യോത് ഖോസ നിർദേശം നൽകി. കൊവിഡ് വ്യാപനം സംബന്ധിച്ച് ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം വിളിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.