പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; സംസ്ഥാനത്തിന്‍റെ അന്തിമ തീരുമാനം ഇന്ന് - covid negative certificate expatriates
വ്യാഴാഴ്ച വരെയാണ് സർട്ടിഫിക്കറ്റ് ഇല്ലാതെ നാട്ടിലേക്ക് മടങ്ങാൻ പ്രവാസികൾക്ക് ഇളവ് നൽകിയിട്ടുള്ളത്

തിരുവനന്തപുരം:കേരളത്തിലേക്ക് മടങ്ങാൻ പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിലപാടിൽ സംസ്ഥാനത്തിന്‍റെ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. ഇന്നത്തെ മന്ത്രിസഭാ യോഗം ഇക്കാര്യം വിശദമായി ചർച്ച ചെയ്യും. വ്യാഴാഴ്ച വരെയാണ് സർട്ടിഫിക്കറ്റ് ഇല്ലാതെ നാട്ടിലേക്ക് മടങ്ങാൻ പ്രവാസികൾക്ക് ഇളവ് നൽകിയിട്ടുള്ളത്. ട്രൂ നെറ്റ് പരിശോധന അടക്കം സംസ്ഥാനം മുന്നോട്ടുവച്ച നിർദേശങ്ങൾ കേന്ദ്രം തള്ളിയ സാഹചര്യത്തിൽ ഇളവുകൾ നീട്ടുന്നതും ബദൽ മാർഗങ്ങൾ കൊണ്ടുവരുന്നതും അടക്കമുള്ള കാര്യങ്ങളാണ് മന്ത്രിസഭാ യോഗം പരിഗണിക്കുക. നെഗറ്റീവ് സർട്ടിഫിക്കറ്റ് പ്രായോഗികം അല്ലെങ്കിൽ വിമാനത്തിൽ പി പി ഇ കിറ്റ് നിർബന്ധമാക്കുന്നത് അടക്കമുള്ള ബദൽ മാർഗങ്ങൾ സർക്കാർ ആലോചിക്കുന്നുണ്ട്. റാപ്പിഡ് ടെസ്റ്റ് എന്ന നിർദേശം സർക്കാരിന് മുന്നിലുണ്ട്. ഇക്കാര്യത്തിൽ മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടാകും. പല രാജ്യങ്ങളിലും പരിശോധന നടത്തി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള സംവിധാനം ഇല്ല. ഇത് ഏർപ്പെടുത്താൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാരും സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ ബദൽ മാർഗങ്ങൾ തേടുന്നത്. പ്രതിപക്ഷ സംഘടനകളും പ്രവാസി സംഘടനകളും സർക്കാരിന്‍റെ ഈ തീരുമാനത്തിൽ പ്രതിഷേധത്തിലാണ്.