തിരുവനന്തപുരം: എടിഎമ്മുകൾ കൊവിഡ് വ്യാപന കേന്ദ്രങ്ങളാകുമെന്ന് ആശങ്ക. ബ്രേക്ക് ദ ചെയിൻ കാമ്പയിന്‍റെ ആദ്യ ഘട്ടത്തിൽ സാനിറ്റൈസറോ കൈ കഴുകാൻ സോപ്പോ സ്ഥാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് രോഗ വ്യാപനം ഗുരുതരമാകുന്ന സാഹചര്യത്തില്‍ എടിഎമ്മുകളില്‍ സാനിറ്റൈസറോ സോപ്പോ ഇല്ലെന്ന് ഇടിവി ഭാരത് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
കൊവിഡ് വ്യാപനം; എടിഎമ്മുകളും കാരണമാകുമെന്ന് ആശങ്ക
ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍റെ ഭാഗമായി സ്ഥാപിച്ച സാനിറ്റൈസറോ സോപ്പോ ജില്ലയിലെ പല എടിഎമ്മുകളിലും ഇപ്പോള്‍ കാണാനില്ല.
ബാങ്ക് ശാഖകളോട് ചേർന്നുള്ള എടിഎമ്മുകളിൽ സാനിറ്റൈസറോ സോപ്പോ കരുതുകയും സുരക്ഷാ ജീവനക്കാർ ബാങ്കിലെത്തുന്നവരോട് ഇതുപയോഗിക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മറ്റിടങ്ങളിൽ സാനിറ്റൈസറിന്‍റെ ഒഴിഞ്ഞ കുപ്പികളാണ് കാണാന്‍ സാധിക്കുക. സമ്പർക്കത്തിലൂടെ രോഗവ്യാപനം രൂക്ഷമായ തലസ്ഥാനത്തെ മിക്ക എടിഎമ്മുകളിലും സമാന സ്ഥിതിയാണുള്ളത്.
ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് ബ്രേക്ക് ദ ചെയിൻ നിർദ്ദേശങ്ങൾ കർശനമാക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുകയും നിരവധി പേർ ഉപയോഗിക്കുകയും ചെയ്യുന്ന എടിഎം രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്.