ശവസംസ്കാരം കഴിഞ്ഞ് ഫലം പോസിറ്റീവ്; മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര പിഴവ് - latest tvm
ആദ്യത്തെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ 4 ന് വീണ്ടും പരിശോധന നടത്തിയപ്പോൾ കൊവിഡ് പോസിറ്റീവ് ആയി. ഫലം വരുന്നതിന് മുൻപ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തിരുന്നു.

തിരുവനന്തപുരം: പരിശോധന ഫലം വരുന്നതിന് മുമ്പ് മൃതദേഹം വിട്ടു നൽകുകയും ശവസംസ്കാരം കഴിഞ്ഞ് ഫലം പോസിറ്റീവാവുകയും ചെയ്തതോടെ കരിച്ചാറ നിവാസികൾ ആശങ്കയിൽ. കണിയാപുരം കരിച്ചാറ കുന്നിൽ വീട്ടിൽ മരണപ്പെട്ട വിജയമ്മ (55)യുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. കഴിഞ്ഞ മാസം 21 ന് ശ്വാസതടസത്തെ തുടർന്ന് വിജയമ്മയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഈ മാസം 5 ന് മരണപ്പെടുകയും 6 ന് മൃതദേഹം വീട്ടുവളപ്പിൽ അടക്കം ചെയ്യുകയും ചെയ്തു. ആദ്യത്തെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ 4 ന് വീണ്ടും പരിശോധന നടത്തിയപ്പോൾ കൊവിഡ് പോസിറ്റീവ് ആയി. ഫലം വരുന്നതിന് മുൻപ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. കൊവിഡ് പ്രാട്ടോക്കോൾ പാലിക്കാതെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. സംസ്കാര ചടങ്ങിൽ ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തിരുന്നു. ഈ സംഭവം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്കുണ്ടായ ഗുരുതര പിഴവാണെന്ന് ആരോപണമുണ്ട്. വീഴ്ച ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട അധികൃതർക്ക് പരാതി കൊടുക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം സന്ദർശിച്ചവരുടെയും സംസകാര ചടങ്ങിൽ പങ്കെടുത്തവരുടെയും ലിസ്റ്റ് മംഗലപുരം പൊലീസ് തയാറാക്കി വരുന്നു. ഭർത്താവ് തങ്കപ്പൻ, മക്കൾ ഹിമ, ഹിമേഷ്.