തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തിയെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. വാക്സിനേഷൻ നടപടികളിലും അവർ സംതൃപ്തി അറിയിച്ചു. കേരളത്തിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘവുമായി ചർച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ജൂലൈ മാസത്തിൽ 90 ലക്ഷം വാക്സിനുകൾ അധികമായി നൽകണമെന്നും കേന്ദ്ര സംഘത്തോട് ആവശ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. കൊവിഡ് വാക്സിൻ എടുത്താലും അതീവ ജാഗ്രത തുടരണം. കൂടി ചേരലുകൾ ഒഴിവാക്കണം. രണ്ടാം തരംഗം അവസാനിച്ചിട്ടില്ല. ടിപിആർ നിരക്ക് കുറച്ചു കൊണ്ടുവരിക എന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. പോസ്റ്റ് കൊവിഡ് മരണം കൊവിഡ് മരണത്തിൻ്റെ കണക്കിൽ ഉൾപ്പെടുത്തുന്നതിൽ കേന്ദ്രം മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയാൽ സംസ്ഥാനത്തെ അറിയിക്കണമെന്ന് കേന്ദ്ര സംഘത്തോട് മന്ത്രി ആവശ്യപ്പെട്ടു. സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗം നേരത്തെ കണ്ടെത്തുന്നതിന് മാർഗ നിർദേശം നൽകാൻ സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.