തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപന തോതില്‍ വര്‍ധനവ്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. കഴിഞ്ഞ ആറ് ദിവസമായി 1000ന് മുകളിലാണ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം.
മെയ് 31 മുതലാണ് പ്രതിദിന രോഗികളുടെ എണ്ണം 1000ന് മുകളിലെത്തിയത്. 8,237 പേര്‍ക്കാണ് ആറ് ദിവസം കൊണ്ട് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. ജൂണ്‍ 1 - 1370, ജൂണ്‍ 2 - 1278, ജൂണ്‍ 3 - 1465, ജൂണ്‍ 4 - 1544, ജൂണ്‍ 6 - 1383 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിലെ കൊവിഡ് കണക്കുകള്‍.
ഇത് സംസ്ഥാനത്തെ വ്യാപന തോതിലെ വർധനവാണ് സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 10.61 ആണ്. സംസ്ഥാനത്ത് പരിശോധനകള്‍ കുറവാണെന്ന് വിമര്‍ശനം നിലനില്‍ക്കുന്നതിനിടെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലെത്തിയിരിക്കുന്നത്.
കഴിഞ്ഞ 7 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.39 ആണ്. കൊവിഡിന്‍റെ ഒമിക്രോണ്‍ വകഭേദമാണ് സംസ്ഥാനത്ത് ഇപ്പോള്‍ വ്യാപിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിതീവ്ര വ്യാപനമാണ് ഒമിക്രോണ്‍ വകഭേദത്തിന്‍റെ പ്രത്യേകത. അതുകൊണ്ടുതന്നെ അതീവ ജാഗ്രത ആവശ്യമായ സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്.
സ്‌കൂളുകള്‍ അടക്കം പൂർണതോതിൽ പ്രവര്‍ത്തനം തുടങ്ങിയതിനാല്‍ വ്യാപനതോത് ഉയരുന്നത് കടുത്ത ആശങ്ക ഉയര്‍ത്തുകയാണ്. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി മാസ്‌ക് അടക്കമുള്ളവ നിര്‍ബന്ധമാണെങ്കിലും കാര്യമായ പരിശോധനകള്‍ നടക്കുന്നില്ല. കൊവിഡ് പരിശോനയും കുറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യ വിദഗ്‌ധര്‍ നല്‍കുന്ന നിര്‍ദേശം. മാസ്‌ക് ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം 1205, കൊല്ലം 114, പത്തനംതിട്ട 299, ആലപ്പുഴ 209, കോട്ടയം 846, ഇടുക്കി 215, എറണാകുളം 2419, തൃശൂര്‍ 315, പാലക്കാട് 299, മലപ്പുറം 89, കോഴിക്കോട് 525, വയനാട് 47,കണ്ണൂര്‍ 42, കാസര്‍കോട് 18 എന്നിങ്ങനെയാണ് ജില്ലകളിലെ കൊവിഡ് രോഗികളുടെ എണ്ണം. രാജ്യത്ത് ഏറ്റവും കൂടുതല്‍ സജീവ കൊവിഡ് കേസുകളുള്ളത് സംസ്ഥാനത്താണ്. സംസ്ഥാനത്ത് ഇതുവരെ 65,65,293 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 69,796 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.