കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കൊവിഡ് - covid kerala

covid cases kerala today  covid kerala  കേരളം കൊവിഡ് 19
കൊവിഡ്

By

Published : Apr 11, 2020, 6:11 PM IST

Updated : Apr 12, 2020, 1:28 PM IST

17:37 April 11

നിലവില്‍ 228 പേരാണ് ചികിത്സയിലുള്ളത്

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. കണ്ണൂർ ഏഴ്, കാസർകോട് രണ്ട്, കോഴിക്കോട് ഒന്ന് എന്നിങ്ങനെയാണ് രോഗ ബാധ. മൂന്ന് പേർ വിദേശത്ത് നിന്ന് വന്നവരും ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ഇന്ന് 19 പേർക്ക് രോഗം ഭേദമായി. കാസർകോട് ഒമ്പത്, പാലക്കാട് നാല്, തിരുവനന്തപുരം മൂന്ന്, ഇടുക്കി രണ്ട്, തൃശൂരിൽ ഒരാൾക്കുമാണ് രോഗം ഭേദമായത്. സംസ്ഥാനത്താകെ 14,163 സാമ്പിളുകൾ പരിശോധിച്ചതിൽ 12,818 എണ്ണം നെഗറ്റീവാണ്.  

സംസ്ഥാനത്ത് 1,23,490 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,22,626 പേർ വീടുകളിലും 814 പേർ ആശുപത്രികളിലുമാണ്. 201 പേരെ ശനിയാഴ്‌ച മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവില്‍ 228 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 373 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. രോഗമുക്തരായ ദമ്പതികൾക്ക് പരിയാരം മെഡിക്കൽ കോളജിൽ കുഞ്ഞ് പിറന്നത് സന്തോഷ വാർത്തയെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  

പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിശദമായ ചർച്ചയാണ് നടന്നത്. ലോക്‌ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുമെന്ന് അറിയിച്ചു. ഹോട്ട്സ്‌പോട്ടുകളിൽ ഏപ്രിൽ 30 വരെ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടു. പ്രത്യേക പാക്കേജും വായ്‌പാ പരിധി ഉയർത്തുന്നതും ആവശ്യപ്പെട്ടു. ഇഎസ്‌ഐ മാനദണ്ഡത്തിൽ കൊവിഡ് കൂടി ഉൾപ്പെടുത്തണം. ഇഎസ്ഐ, പിഎഫ് പിരിധി ഉയർത്തണം.മൂന്ന് മാസത്തേക്ക് 6,45,000 ടൺ അരി മുടക്കമില്ലാതെ ലഭിക്കണം. ചരക്ക് നീക്കത്തിന് പ്രത്യേക ട്രയിനും അതിഥി തൊഴിലാളികൾക്ക് നോൺ സ്റ്റോപ്പ് ട്രയിനും അനുവദിക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. വിസ്റ്റിങ് വിസയിൽ പോയവരെ ഉടൻ തിരിച്ചെത്തിക്കണം. ഇവർക്കായി പ്രത്യേക വിമാനം ഏർപ്പാടാക്കണം. പ്രവാസികളെ തിരികെ വരാൻ സഹായിക്കാൻ എംബസികൾക്ക് നിർദേശം നൽകണം. കേന്ദ്രം നിർദേശിക്കുന്ന എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം ലോക്‌ഡൗണിന് മുമ്പുള്ള സ്ഥിതിയിലേക്ക് തിരിച്ചുപോകാനായിട്ടില്ലെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.  

പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്ക് പെൻഷന് പുറമെ 1000 രൂപ പ്രത്യേക ധനസഹായം നൽകും. ലേബർ ക്യാമ്പുകളിൽ പ്രത്യേക ശ്രദ്ധ വേണം. ടണൽ സാനിറ്റൈസേഷൻ അശാസ്ത്രീയമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. അതിനാൽ ഇത്തരം സജ്ജീകരണങ്ങൾ പാടില്ലെന്ന് കലക്‌ടർക്ക് നിർദേശം നൽകി. അൺഎയ്‌ഡഡ് സ്‌കൂൾ ജീവനക്കാർക്ക് മാനേജ്‌മെന്‍റ് ഉടൻ ശമ്പളം നൽകണം. എൻഡോസൾഫാൻ ദുരിത ബാധിതരുടെ മുടങ്ങിയ സഹായം ഉടൻ നൽകും. സ്‌കൂൾ ഫീസ് ഇപ്പോൾ വാങ്ങരുതെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. സ്പ്രിങ്ക്ലർ കമ്പനി വഴി സംസ്ഥാനത്തിന്‍റെ ഡാറ്റ ചോർന്നിട്ടില്ല. കമ്പനിയിൽ നിന്ന് സോഫ്റ്റ്‌വെയറോ മറ്റ് സേവനങ്ങളോ സർക്കാർ വാങ്ങിയിട്ടില്ലെന്നും പ്രതിപക്ഷത്തിന്‍റെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി നൽകി. 

Last Updated : Apr 12, 2020, 1:28 PM IST

ABOUT THE AUTHOR

...view details