ആശങ്കയിൽ പൂന്തുറ; സമ്പർക്കത്തിലൂടെ 26 പേർക്ക് രോഗം - പൂന്തുറ കൊവിഡ്
ചൊവ്വാഴ്‌ച സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 68 പേരിൽ 26 പേരും തിരുവനന്തപുരം പൂന്തുറയിലാണ്.
തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെ 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പൂന്തുറയില്‍ അതീവ ജാഗ്രത. രണ്ട് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾ ഉൾപ്പെടെ ഒമ്പത് കുട്ടികൾക്ക് ഇവിടെ രോഗം ബാധിച്ചിട്ടുണ്ട്. നഗരത്തില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക് ഡൗണിന് പുറമേ പൂന്തുറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബാരിക്കേഡുകൾ സ്ഥാപിച്ചു. കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഉടന്‍ സമീപത്തെ ആശുപത്രികളിൽ ബന്ധപ്പെടണമെന്ന് പൊലീസ് അനൗൺസ്മെന്‍റ് നടത്തുകയാണ്. അവശ്യസാധനങ്ങള്‍ രണ്ട്, മൂന്ന് ദിവസങ്ങളിലേക്ക് ശേഖരിക്കണമെന്ന് ശംഖുമുഖം അസിസ്റ്റന്‍റ് കമ്മിഷണര്‍ ഐശ്വര്യ ഡോങ്ക്‌റേ അറിയിച്ചു. രാവിലെ ഏഴ് മുതൽ 11 മണി വരെയാണ് കടകൾ തുറക്കുക. അവശ്യ സാധനങ്ങൾ വാങ്ങാൻ പോകുന്നവർ ഒഴികെ ആരും പുറത്തിറങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പു നൽകി. പൂന്തുറയില്‍ രോഗം ബാധിച്ചവരിൽ ഏറെയും മത്സ്യകച്ചവടക്കാരാണ്.