തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ നിലവില്‍ സംസ്ഥാനം മുന്‍പന്തിയിലാണ്. നിലവില്‍ രാജ്യത്ത് എറ്റവും കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് ബാധിക്കുന്നത് കേരളത്തിലാണെന്നാണ് കണക്ക്. കൊവിഡിന്‍റെ ആദ്യഘട്ടത്തില്‍ മികച്ച പ്രതിരോധം കാഴ്‌ച വെച്ച കേരളം പക്ഷേ ഈ ഘട്ടത്തില്‍ വളരെ പിന്നില്‍ പോയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് ഇപ്പോള്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ എന്നതു പോലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കേരളം വളരെ മോശം അവസ്ഥയിലാണ്. സംസ്ഥാനത്ത് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.48 ആണ്. അതായത് 100 പേരെ പരിശോധിക്കുമ്പോള്‍ പന്ത്രണ്ടിലധികം പേര്‍ പോസിറ്റീവാകുന്നു. ദേശീയ ശരാശരി രണ്ടില്‍ താഴെ നില്‍ക്കുമ്പോഴാണ് സംസ്ഥാനത്തെ നിരക്ക് ആറിരട്ടിയിലധികമായിരിക്കുന്നത്. മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ പത്തിരട്ടിയാണ് കേരളത്തിലെ കണക്കുകള്‍.
കേരളത്തില്‍ കൊവിഡ് കേസുകള്‍ കുതിക്കുന്നു; പ്രതിരോധം പാളുന്നു - corona virus
കൊവിഡിന്‍റെ ആദ്യഘട്ടത്തില്‍ മികച്ച പ്രതിരോധം കാഴ്‌ച വെച്ച കേരളം ഇപ്പോള്‍ പിന്നോട്ട് പോവുന്ന കാഴ്‌ചയാണ് സാധിക്കുന്നത്. നിലവില്‍ രാജ്യത്ത് എറ്റവും കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് ബാധിക്കുന്നത് സംസ്ഥാനത്താണ്.
കഴിഞ്ഞ ആറ് ദിവസമായി കേരളത്തില്‍ ആറായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. കൊവിഡ് രൂക്ഷമായിരുന്ന മഹാരാഷ്‌ട്രയടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇന്നലെ കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരത്തില്‍ ഒതുങ്ങിയിരുന്നു. ഇത്തരത്തിലുള്ള സാഹചര്യത്തിലാണ് കേരളത്തില്‍ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നത്. ആദ്യഘട്ടത്തില്‍ കൊവിഡ് പോരാട്ടത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ച വെച്ച സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പും ലോക്ക ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകളും വന്നതോടെ പ്രതിരോധം മൊത്തത്തില്‍ പാളിയെന്ന് വ്യക്തം. സംസ്ഥാനത്ത് ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 72891 പേരാണ് നിലവില്‍ കൊവിഡ് ബാധിതര്‍. 884242 പേര്‍ക്ക് ഇതുവരെ സംസഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് കേരളമുള്ളത്. മഹാരാഷ്‌ട്ര, കര്‍ണാടക,ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേരളത്തെക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത്. മരണ സംഖ്യ പിടിച്ചു നിര്‍ത്താനായി എന്നതാണ് കേരളത്തിന് ആശ്വാസം നല്‍കുന്നത്. 3607 പേര്‍ മാത്രമാണ് കേരളത്തില്‍ ഇതുവരെ കൊവിഡ് മൂലം മരണപ്പെട്ടിരിക്കുന്നത്.
പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ആദ്യഘട്ടത്തില്‍ മാസ്‌ക്, സാമൂഹിക അകലം പാലിക്കല്‍ എന്നിവയില്‍ ജനങ്ങള്‍ കാട്ടിയിരുന്ന ജാഗ്രതക്ക് ഇപ്പോള്‍ അയവ് വന്നതാണ് രോഗം പടരാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ ശ്രമം.