തിരുവനന്തപുരം: സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കനത്ത ജാഗ്രത. ജില്ലയിലെ കൊ വിഡ് രോഗികളുടെ എണ്ണം ആയിരത്തോട് അടുക്കുകയാണ്. കഴിഞ്ഞ ദിവസം 157 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 142 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗവ്യാപനം ഉണ്ടായത്. ഉറവിടം വ്യക്തമല്ലാത്ത രോഗികളുടെ എണ്ണത്തിലും വർദ്ധനവുണ്ട്.
കൊവിഡ് കേസുകൾ ഉയരുന്നു; തിരുവനന്തപുരത്ത് കനത്ത ജാഗ്രത - കൊവിഡ് കേസുകൾ ഉയരുന്നു
നഗരത്തിലെ പ്രധാന വ്യാപാരശാലയായ രാമചന്ദ്രയിലെ 61 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതും ആശങ്ക വർദ്ധിപ്പിക്കുന്നു.
ഇതിനിടെ നഗരത്തിലെ പ്രധാന വ്യാപാരശാലയായ രാമചന്ദ്രയിലെ 61 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതും ആശങ്ക വർദ്ധിപ്പിക്കുന്നു. ഇതിനെ തുടർന്ന് രാമചന്ദ്രയുടെ നഗരത്തിലെ വ്യാപാരശാലകൾ ഒരാഴ്ചത്തേയ്ക്ക് പൂട്ടി. തീരദേശ മേഖലകളിലാണ് സമ്പർക്കത്തിലൂടെ രോഗവ്യാപനം കൂടുന്നത്. പൂന്തുറ, മാണിക്യ വിളാകം, പുത്തൻപള്ളി പ്രദേശങ്ങളിലാണ് സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗം വന്നിട്ടുള്ളത്. പൂന്തുറയ്ക്ക് പുറമേ ജില്ലയിലെ മറ്റിടങ്ങളിലും ക്ലസ്റ്ററുകൾ കൂടുന്നതും ആശങ്ക വർധിപ്പിക്കുന്നു.
രോഗികൾ കൂടുന്ന സാഹചര്യത്തിൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെൻറർ ആക്കാൻ തീരുമാനിച്ചിട്ടുണ്ട്. 750 കിടക്കകളുള്ള ആശുപത്രിയാണ് സജ്ജമാക്കുന്നത്. സ്രവ പരിശോധനയ്ക്കുള്ള സൗകര്യങ്ങളും ഇവിടെ ഉണ്ടാകും. പൂന്തുറ, മാണിക്യ വിളാകം, പുത്തൻപള്ളി വാർഡുകളിൽ വയോജന സംരക്ഷണത്തിനായി പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചു.