തിരുവനന്തപുരം: കൊവിഡ് 19 വൈറസ് (കൊറോണ) ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2,455 ആയി കുറഞ്ഞു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 1,040 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവില്‍ 2,431 പേര്‍ വീടുകളിലും 24 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. സംശയാസ്‌പദമായ 389 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 354 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. ഈ സാഹചര്യത്തിലാണ് നിരീക്ഷണത്തിലുള്ളവരെ അതില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള മാര്‍ഗരേഖ ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്.
കൊവിഡ് 19 വൈറസ്; നിയന്ത്രണ വിധേയമാവുന്നു - corona virus
സംശയാസ്‌പദമായ 389 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 354 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്
നിരീക്ഷണത്തിലുള്ളവരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് എന്നീ വിഭാഗങ്ങളായി തരംതിരിച്ചാണ് പരിഷ്‌കരിച്ച മാര്‍ഗരേഖ പുറത്തിറക്കിയത്. കൊവിഡ് 19 വൈറസ് രോഗം ബാധിച്ച പ്രദേശങ്ങളില്‍ യാത്ര ചെയ്‌തവര്‍, രോഗിയുമായി അടുത്ത് ഇടപഴകിയവര്‍ തുടങ്ങിവരാണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ വരുന്നത്. കോവിഡ് 19 വൈറസ് ബാധിതരുമായോ സംശയിക്കപ്പെടുന്നവരുമായോ ഒരേ മുറിയിലോ, ഒരേ ക്ലാസ് മുറിയിലോ കഴിഞ്ഞവരിക, ബസ്, ട്രെയിന്‍, വിമാനം എന്നിവയില്‍ ഒരുമിച്ച് യാത്ര ചെയ്‌തവര്‍, ഹൈ റിസ്‌കില്‍ അല്ലാത്ത വിധം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ തുടങ്ങിയവരാണ് ലോ റിസ്‌ക് വിഭാഗത്തില്‍ വരുന്നത്.
സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലാന്‍റ്, വിയറ്റ്നാം, തായ്‌വാന്‍, ജപ്പാന്‍, സൗത്ത് കൊറിയ, യുഎസ്എ, ഫ്രാന്‍സ്, ജര്‍മനി, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയ ഹൈ റിസ്‌ക് ഉള്ളവരെ 28 ദിവസത്തെ വീട്ടിലെ നിരീക്ഷണത്തിന് ശേഷം മാറ്റാം. ഈ രാജ്യങ്ങളില്‍ നിന്നും ലോ റിസ്‌കില്‍ വന്നവര്‍ക്ക് നിരീക്ഷണം ആവശ്യമില്ല. ഒരു വ്യക്തിയുടെ നിരീക്ഷണ കാലയളവ് അവസാനിക്കുന്ന ദിവസം തന്നെ ആ കുടുംബത്തിലെ മറ്റെല്ലാ അംഗങ്ങളുടെയും നിരീക്ഷണ കാലയളവും തീരുന്നതാണ്. മറ്റേതെങ്കിലും സാഹചര്യങ്ങളിലെ തീരുമാനം, അപകട സാധ്യതാ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ നിയുക്ത മെഡിക്കല്‍ ബോര്‍ഡുകള്‍ക്ക് എടുക്കാവുന്നതാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.