തിരുവനന്തപുരം:നിയമസഭ കൈയാങ്കളി കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യം കോടതി തള്ളി. ഇപ്പോൾ ഇത്തരം ആവശ്യമില്ലെന്നും കേസ് മുന്നോട്ട് പോകുമ്പോൾ പാകപ്പിഴകൾ ഉണ്ടെങ്കിൽ അപ്പോൾ ആവശ്യം പരിഗണിക്കാം എന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
കേസ് നീതിപൂർണമായി നടപടികൾ വേണമെങ്കിൽ സ്‌പെഷ്യൽ പ്രോസിക്യൂഷനെ നിയമിക്കണം എന്നാണ് ചെന്നിത്തല നൽകിയ ഹർജിയിലെ ആവശ്യം. എന്നാൽ ഈ ആവശ്യം സർക്കാർ ആദ്യമേ എതിർത്തിരുന്നു. കൈയാങ്കളി കേസിൽ കക്ഷി ചേർക്കണം എന്ന ആവശ്യവുമായി രമേശ് ചെന്നിത്തലയും ബിജെപി അനുകൂല അഭിഭാഷക സംഘടനയും നൽകിയ ഹർജിയും കോടതി തള്ളി. വിദ്യാഭ്യാസ മന്ത്രി അടക്കമുള്ള ഇടതു നേതാക്കൾ നൽകിയ വിടുതൽ ഹർജിയിൽ കോടതി ഈ മാസം 23ന് വാദം പരിഗണിക്കും.