തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല നൽകിയ ഹർജി കോടതി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട് സ്വജനപക്ഷപാതമുണ്ടെന്നായിരുന്നു ഹർജിയിലെ ആരോപണം.
എന്നാൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ മുഖ്യമന്ത്രിയ്‌ക്ക് പണം നൽകിയതായോ, മുഖ്യമന്ത്രി കാശ് വാങ്ങിയതായോ പരാതിയിൽ പറയുന്നില്ല. മുഖ്യമന്ത്രി സ്വജനപക്ഷപാതം നടത്തി എന്ന ആരോപണം അല്ലാതെ ഇത് തെളിയിക്കാവുന്ന ഒരു രേഖയും ഹർജിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇങ്ങനെ ഒരു നിയമനം നടത്തിയതിൽ മുഖ്യമന്ത്രിക്ക് ലാഭം ഉണ്ടായെന്ന് പരാതിക്കാരൻ പറയുന്നു.
also read :ആവശ്യമായ തെളിവുകളില്ല, മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റർ ചെയ്യണമെന്ന ജ്യോതികുമാർ ചാമക്കാലയുടെ ഹർജി കോടതി തള്ളി
ആരോപണം തെളിയിക്കാൻ തെളിവുകളില്ല :അതേസമയം ഈ നിയമനം കൊണ്ട് മുഖ്യമന്ത്രിക്ക് എന്ത് ലാഭം ഉണ്ടായെന്ന ആരോപണം തെളിയിക്കാൻ ഒരു തെളിവും ഹർജിക്കാരൻ ഹാജരാക്കി കാണുന്നില്ലെന്നും ഉത്തരവിൽ പറയുന്നു. അതിനാൽ അഴിമതി നിരോധന നിയമ വകുപ്പിൽ ഇക്കാരണത്താൽ പരാതി പരിഗണിക്കാൻ കഴിയില്ലെന്നും ഉത്തരവിൽ വിജിലൻസ് കോടതി പരാമർശിച്ചു. നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടെന്ന ഗവർണറുടെ ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് ജ്യോതികുമാർ ഹര്‍ജി നല്‍കിയത്.
നിയമനത്തിന് മുഖ്യമന്ത്രി ശുപാർശ ചെയ്‌തുവെന്നായിരുന്നു ഗവർണറുടെ വെളിപ്പെടുത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷിക്കണമെന്നായിരുന്നു ജ്യോതികുമാർ ചാമക്കാലയുടെ ആവശ്യം. എന്നാൽ വിസി നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം വിസി നിയമനത്തിൽ നിർദേശം സമർപ്പിക്കാൻ മുഖ്യമന്ത്രിയ്‌ക്ക് അവകാശമുണ്ടെന്നും എന്നാൽ ഹർജിക്കാരൻ വാദിച്ച രീതിയിൽ ഒരു തരത്തിലുള്ള സാമ്പത്തിക ലാഭവും മുഖ്യമന്ത്രി സ്വന്തമാക്കിയിട്ടില്ലെന്നും പ്രോസിക്ക്യൂഷൻ കോടതിയെ അറിയിച്ചു.
also read :'ഗവർണറുടെ നടപടി ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാന്‍'; പിന്നില്‍ രാഷ്ട്രീയ താത്‌പര്യമെന്ന് കണ്ണൂര്‍ വിസി
മുഖ്യമന്ത്രിയ്‌ക്ക് ലാഭമുണ്ടായിട്ടില്ലെന്ന് സർക്കാർ : കഴിഞ്ഞ വർഷം ഇതേ കേസിൽ വാദം കേൾക്കവെ കണ്ണൂർ വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രി നിയമവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ലെന്ന് ഡയറക്‌ടർ ഓഫ് ജനറൽ പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. വിസി നിയമനം കോടതി തന്നെ ശരിവച്ച സാഹചര്യത്തിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്ക് പ്രസക്തിയില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. മുൻപ് ഒൻപത് സർവകലാശാല വൈസ് ചാൻസലർമാർ രാജിവയ്‌ക്കണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ആവശ്യത്തിൽ ഗവർണറുടെ നടപടി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനാണെന്നും ഇതിന് പിന്നിൽ രാഷ്‌ട്രീയ നീക്കമാണെന്നും അതിനാൽ രാജി വയ്‌ക്കില്ലെന്നും കണ്ണൂർ സർവകലാശാല വിസി പ്രതികരിച്ചിരുന്നു.
also read :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് തട്ടിപ്പ്: സംസ്ഥാന വ്യാപക പരിശോധനയുമായി വിജിലൻസ്