തിരുവനന്തപുരം: പൂന്തുറ സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ. മുട്ടത്തറ പുതുവൽ പുത്തൻ വീട്ടിലെ പാച്ചൻ മകൻ മനോജിനെയാണ് (35) നാലു മാസം തടവിന് ശിക്ഷിച്ചത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അശ്വതി നായരിന്‍റേതാണ് ഉത്തരവ്.
സംഭവം ഇങ്ങനെ:പൂന്തുറ പൊലീസ് ഉദ്യോഗസ്ഥനായ ഫ്രാൻസോയെ ഡ്യൂട്ടിക്കിടയിൽ പൊലീസ് സ്‌റ്റേഷനിൽ വച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് കേസ്. 2011 ഓഗസ്‌റ്റ് 20 നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. മുട്ടത്തറ ശ്‌മശാനത്തിന് സമീപം മദ്യപിച്ച് ബഹളമുണ്ടാക്കിയതോടെയാണ് മനോജിനെ പൊലീസ് പിടികൂടി സ്‌റ്റേഷനിൽ കൊണ്ടുവരുന്നത്. എന്നാല്‍ പാറാവിൽ സൂക്ഷിച്ചിരുന്ന പ്രതി കസ്‌റ്റഡിയിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചത് തടഞ്ഞപ്പോളാണ് ആക്രമണം നടന്നത്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥരടക്കം എട്ട് സാക്ഷികളെ വിസ്‌തരിച്ചു. 2011 ൽ അന്വേഷണം പൂർത്തിയാക്കിയ പൂന്തുറ പൊലീസ്, കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി അസിസ്‌റ്റന്‍റ് പബ്ലിക് പ്രോസികൂട്ടർ മനു കല്ലംപള്ളി ഹാജരായി.
നൈറ്റ് പട്രോളിങിനിടെ ആക്രമണം:അടുത്തിടെ പൂന്തുറ ഗ്രേഡ് എസ്ഐക്ക് നേരെ അഞ്ചംഗ സംഘം ആക്രമണം നടത്തിയിരുന്നു. പൂന്തുറ പൊലീസ് ഗ്രേഡ് എസ്ഐ ജയപ്രകാശിനാണ് നൈറ്റ് പട്രോളിങിനിടെ അക്രമികളുടെ മർദനമേറ്റത്. നാലുപേരടങ്ങുന്ന പൊലീസ് സംഘം ജീപ്പിൽ നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
സ്ഥിരം കുറ്റവാളിയായ ഹുസൈൻ എന്നയാളുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇവര്‍ എസ്ഐയെ പിടിച്ച് തള്ളുകയും മർദിക്കുകയും ചെയ്‌തുവെന്നും പൊലീസ് വ്യക്തമാക്കി. പട്രോളിങ് നടത്തുന്നതിനിടെ രാത്രി ഹുസൈനും സംഘവും കൂട്ടംകൂടി നിന്നിടത്ത് എത്തിയതോടെയാണ് ഇവർ പൊലീസിനെ ആക്രമിച്ചത്. സംഭവത്തിൽ കൃത്യവിലോപത്തിന് തടസം സൃഷ്‌ടിച്ചുവെന്ന് ചൂണ്ടിക്കാട്ടി കേസ് രജിസ്‌റ്റർ ചെയ്‌ത് പൂന്തുറ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതികൾ ഒളിവില്‍ പോയിരുന്നു.