തിരുവനന്തപുരം:പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ അടിമലത്തുറ ഫാത്തിമ മാതാ പള്ളിക്ക് സമീപം പുറമ്പോക്ക് പുരയിടത്തിൽ ക്രിസ്‌റ്റഫറിന് (58) അഞ്ച് വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം പ്രത്യേകഅതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്‌ജി ആജ് സുദർശൻ ഉത്തരവിൽ പറയുന്നു.
2020 നവംബർ നാലിന് ഉച്ചയോടെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഇരയായ കുട്ടിയും അനുജത്തിയും കൂടി നടന്ന് വരവെ ഓട്ടോയിൽ ഇരുന്ന പ്രതി കുട്ടികളെ പ്രതിയുടെ വീട്ടിലേക്ക് കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. അച്ഛൻ്റെ കൂട്ടുകാരനാണ് താനെന്ന് പരിചയപ്പെടുത്തിയതിനാലാണ് കുട്ടികൾ പ്രതിയുടെ വീട്ടിലേക്ക് ചെല്ലാൻ തയ്യാറായത്. അനിയത്തിയെ ഒരു മുറിയിലിരുത്തിയതിന് ശേഷം ഇരയെ മറ്റൊരു മുറിയിൽ കൊണ്ട് പോയാണ് പീഡിപ്പിച്ചത്.
സംഭവം ഇങ്ങനെ: കുട്ടി കരഞ്ഞപ്പോൾ പ്രതി കുട്ടിക്ക് പൈസ കൊടുത്തിട്ട് മുട്ടായി വാങ്ങി തിരിച്ച് വരാൻ പറഞ്ഞു. ഇത് പുറത്ത് ആരോടും പറയരുതെന്നും പറഞ്ഞു. വെളിയിൽ ഇറങ്ങിയ കുട്ടി അനിയത്തിയേയും കൂട്ടി വീട്ടിൽ പോയി അമ്മയോട് വിവരം പറഞ്ഞു.
വീട്ടുകാർ ഉടനെ പ്രതിയെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ പ്രതി വീടിൻ്റെ വാതിൽ അടച്ചു. തുടർന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ വിഴിഞ്ഞം പൊലീസിൽ പരാതി നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യുട്ടർ ആർ.എസ്.വിജയ് മോഹൻ, അഭിഭാഷകരായ എം.മുബീന, ആർ.വൈ.അഖിലേഷ് എന്നിവർ ഹാജരായി.
പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്‌തരിച്ചു. പതിനേഴ് രേഖകളും ഹാജരാക്കി. പിഴ തുക ഇരയ്‌ക്ക് നൽകണമെന്ന് ഉത്തരവിൽ പറയുന്നു. വിഴിഞ്ഞം പൊലീസ് സ്‌റ്റേഷന്‍ സബ് ഇൻസ്പെക്‌ടര്‍മാരായിരുന്ന അലോഷ്യസ്, കെ.എൽ.സമ്പത്ത് എന്നിവര്‍ക്കായിരുന്നു കേസിന്‍റെ അന്വേഷണ ചുമതല.
16കാരിയെ കെട്ടിയിട്ട് പീഡനം: അതേസമയം, ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിന്‍റ അവസാനത്തോടെ പതിനാറുകാരിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയ്‌ക്ക് 49 വര്‍ഷം കഠിന തടവും 86,000 രൂപ പിഴയും കോടതി വിധിച്ചിരുന്നു. 27 വയസുള്ള പ്രതി ശില്‍പിക്കാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക ഇരയായ കുട്ടിക്ക് നല്‍കുവാനും ഉത്തരവില്‍ പറയുന്നു.
2021 ഓഗസ്‌റ്റ് മൂന്നിനായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രതി പല തവണ നേരിട്ടും ഫോണിലൂടെയും കുട്ടിയെ ശല്യം ചെയ്‌തിരുന്നു. ഇതിനിടെ സംഭവ ദിവസം പ്രതി കുട്ടിയുടെ വീട്ടില്‍ കയറി പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിന് ശേഷം ഭീഷണി: കുട്ടി പ്രതിരോധിച്ചപ്പോള്‍ കൈകള്‍ പിന്നോട്ടാക്കി ഷാള്‍വച്ച് കെട്ടുകയും വായ പൊത്തി പിടിച്ചതിന് ശേഷം പീഡിപ്പിക്കുകയുമായിരുന്നു. സെപ്‌റ്റബര്‍ മാസം കുട്ടി വീടിന് പുറത്തെ കുളിമുറിയില്‍ കുളിക്കാന്‍ കയറിയപ്പോള്‍ പ്രതി കുളിമുറി തള്ളി തുറന്ന് അകത്തു കയറി പീഡിപ്പിച്ചിരുന്നു.
സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്നും സാമൂഹിക മാധ്യമങ്ങളില്‍ ചിത്രം പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി പീഡന വിവരം ആരോടും പറഞ്ഞിരുന്നില്ല. കുറച്ച് മാസങ്ങള്‍ക്ക് ശേഷം വയറു വേദനയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന കാര്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.