തിരുവനന്തപുരം: കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ മയക്കുമരുന്ന് ലഹരിയിൽ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം. കൊലപാതകം നടന്ന 70 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച അന്വേഷണ സംഘത്തിന് പത്തു മാസം കഴിഞ്ഞിട്ടും തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കഴിയാത്തത് എന്തുകൊണ്ടെന്ന് കോടതി ആരാഞ്ഞു. ഈ മാസം അവസാനം റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിർദേശം നൽകി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി കെ.ബാബുവിന്‍റേതാണ് ഉത്തരവ്.
അനന്തു വധത്തിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം - konjiravila ananthu murder case
അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
കേസിന്‍റെ വിചാരണ നടപടികൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് സുപ്രധാന രേഖകൾ കൂട്ടിച്ചേർക്കണമെന്ന ആവശ്യം ഉന്നയിച്ച് കുറ്റപത്രം മടക്കി നൽകണമെന്ന് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. ഇത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ പ്രതാപനാണ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. ഇതേ തുടർന്ന് കോടതി 2020 ഫെബ്രുവരി എട്ടിന് കേസിന്‍റെ തുടരന്വേഷണത്തിന് ഉത്തരവ് നൽകിയിരുന്നു.
അനന്തു ഗിരീഷിനെ പ്രതികൾ തട്ടിക്കൊണ്ടുപോയി കൈമനത്തിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൊഞ്ചിറവിള ക്ഷേത്രോത്സവത്തിനിടെ പ്രധാന പ്രതിയുടെ സഹോദരനെ അനന്തുവിന്‍റെ നേതൃത്വത്തിലുള്ള സംഘം മർദിച്ചതിലുള്ള വിരോധം മൂലം ആസൂത്രണം ചെയ്‌ത കൊലപാതകമാണെന്നാണ് പൊലീസ് കേസ്. വിഷ്‌ണു രാജ്, ഹരിലാൽ, ബാലു എന്ന കിരൺ കൃഷ്‍ണൻ, വിനീത് എന്ന വിനീഷ് രാജ്, കുട്ടപ്പൻ എന്ന അനീഷ്, അപ്പു എന്ന അഖിൽ, കുഞ്ഞു വാവ എന്ന വിജയ രാജ്, ശരത്ത് കുമാർ, മുഹമ്മദ് റോഷൻ, സുമേഷ്,കുട്ടൻ എന്ന അരുൺ ബാബു, അഭിലാഷ്, മാരി എന്ന രാം കാർത്തിക്, വിപിൻ രാജ് എന്നിവരാണ് കേസിലെ 14 പ്രതികൾ.