തിരുവനന്തപുരം :എന്‍എസ്എസിനെതിരായ നാമജപ കേസ് അവസാനിപ്പിച്ചു. എന്‍എസ്എസ് തലസ്ഥാനത്ത് നടത്തിയ നാമജപ ഘോഷയാത്രയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കന്‍റോണ്‍മെന്‍റ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നൽകി (Court Closed The Case Against NSS Nama japa Yatra). അതേസമയം എന്‍എസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാര്‍ (NSS Vice president Sangeeth Kumar) ഉള്‍പ്പെടെ 1000 പേര്‍ക്കെതിരെയായിരുന്നു കന്‍റോണ്‍മെന്‍റ് പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. പൊലീസിന്‍റെ അനുവാദമില്ലാതെ റാലി നടത്തി, ക്രമസമാധാന പ്രശ്‌നമുണ്ടാക്കി എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു എന്‍എസ്എസ് നടത്തിയ റാലിക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.
അതേസമയം ഗണപതി മിത്ത് ആണെന്ന സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ (Speaker AN Shamseer Ganapathy controversy) നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായി എന്‍എസ്എസ് റാലി നടത്തിയത്. പാളയം ഗണപതി ക്ഷേത്രം മുതല്‍ കിഴക്കേകോട്ട പഴവങ്ങാടി ഗണപതി ക്ഷേത്രം വരെ നടത്തിയ റാലിക്കെതിരെയുള്ള കേസില്‍ കന്‍റോണ്‍മെന്‍റ് പൊലിസ് പിന്നീട് നിയമോപദേശം തേടിയിരുന്നു.
കേസ് ഒഴിവാക്കണമെന്ന് നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് ക്രമസമാധാന പ്രശ്‌നം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കന്‍റോണ്‍മെന്‍റ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നൽകിയത്. പിന്നാലെ പൊലീസ് നൽകിയ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു.