തിരുവനന്തപുരം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വ്യാജ തിരിച്ചറിയൽ കാർഡ് നൽകി മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ദമ്പതികൾ പിടിയില്‍. നരുവാമൂട് നടുക്കാട് സ്വദേശി ജോമോൾ (21), ഭർത്താവ് കുളത്തൂർ സ്വദേശി അഖിൽ (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് സംഭവം.
കഠിനംകുളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിയ ദമ്പതികള്‍ ഒന്നര ലക്ഷം രൂപയ്ക്ക് അഞ്ച് വളകൾ പണയം വച്ചു. ദമ്പതികള്‍ക്ക് മുക്കാല്‍ ലക്ഷം രൂപ നൽകിയ സ്ഥാപനമുടമ ബാക്കി തുക അടുത്ത ദിവസം നൽകാമെന്ന് അറിയിച്ചു. കഴിഞ്ഞ ദിവസം ദേശസാൽകൃത ബാങ്കിൽ വളകൾ പണയം വയ്ക്കാനായി എത്തിയപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസിലായത്.
തുടർന്ന് സ്ഥാപനമുടമ കഠിനംകുളം പൊലീസിൽ പരാതി നൽകി. പൊലീസിന്‍റെ നിർദേശപ്രകാരം ബാക്കി തുക നൽകാമെന്ന് പറഞ്ഞ് ദമ്പതികളെ സ്ഥാപനത്തിലേയ്ക്ക് വിളിച്ചുവരുത്തിയ ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. മര്യനാട് സ്വദേശിയായ അജീബ് ആൻഡ്രൂസ് എന്നയാളാണ് തട്ടിപ്പിന് പിന്നിലെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു.