കേരളം

kerala

ETV Bharat / state

ETV BHARAT EXCLUSIVE: "സകർമ്മയ്ക്ക്" പുല്ലുവില, ബ്ലോക്ക് പഞ്ചായത്തുകളില്‍ നടക്കുന്നത് വൻ തിരിമറി - block panchayats corruption

കേരളത്തിലെ 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 12 എണ്ണം 2021 സെപ്തംബര്‍ അവസാനിക്കാറായിട്ടും 2021 ലെ ഒരു മിനിട്ട്‌സ് പോലും സകര്‍മ്മയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടില്ല. യോഗങ്ങളുടെ മിനിട്ട്‌സുകള്‍ സകര്‍മ്മ എന്ന സോഫ്റ്റ് വെയറില്‍ അപ്‌ലോഡ് ചെയ്യാതിരുന്നാല്‍ എന്തു തീരുമാനം വേണമെങ്കിലും യോഗങ്ങളിലേതായി ബി.ഡി.ഒയും എകസ്റ്റന്‍ഷന്‍ ഓഫീസറും ചേര്‍ന്ന് ഇതില്‍ ടൈപ്പ് ചെയ്ത് ചേര്‍ക്കാം.

corruption-in-block-panchayats-through-sakarma-software
ETV BHARAT EXCLUSIVE: "സകർമ്മയ്ക്ക്" പുല്ലുവില, ബ്ലോക്ക് പഞ്ചായത്തുകളില്‍ നടക്കുന്നത് വൻ തിരിമറി

By

Published : Sep 30, 2021, 5:06 PM IST

Updated : Sep 30, 2021, 5:17 PM IST

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ യോഗ നടപടികള്‍ പ്രസിദ്ധീകരിക്കുന്നതില്‍ വരുത്തിയത് വന്‍ വീഴ്ച. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഭരണ സമിതി യോഗങ്ങളുടെ നടപടിക്രമങ്ങള്‍ (മിനിട്ട്‌സ്) സകര്‍മ്മ എന്ന സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തി പ്രസിദ്ധപ്പെടുത്തണമെന്നാണ് ചട്ടം. 2015 മുതല്‍ ഇത് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളതുമാണ്.

എന്നാല്‍ കേരളത്തിലെ 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഭൂരിഭാഗവും ഈ നടപടി പാലിക്കുന്നതില്‍ ബോധപൂര്‍വ്വം വീഴ്ച വരുത്തി തിരിമറികള്‍ നടത്തി വരുന്നതായാണ് വിവരം. കേരളത്തിലെ 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 12 എണ്ണം 2021 സെപ്തംബര്‍ അവസാനിക്കാറായിട്ടും 2021 ലെ ഒരു മിനിട്ട്‌സ് പോലും സകര്‍മ്മയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടില്ല.

ETV BHARAT EXCLUSIVE: "സകർമ്മയ്ക്ക്" പുല്ലുവില, ബ്ലോക്ക് പഞ്ചായത്തുകളില്‍ നടക്കുന്നത് വൻ തിരിമറി

ബ്ലോക്ക് പഞ്ചായത്തുകള്‍ 2017 മുതലാണ് ഇത് പാലിച്ചു വരുന്നത്. 2018 മുതല്‍ ഏറെക്കുറെ കര്‍ശനമായി പാലിച്ചു വരുന്നുണ്ടെങ്കിലും 2018, 2019, 2020 വര്‍ഷങ്ങളില്‍ വളരെക്കുറച്ച് യോഗങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് സകര്‍മ്മയില്‍ പ്രസിദ്ധപ്പെടുത്തിയത്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഏറ്റവും കുറഞ്ഞത് പ്രതിമാസം ഒരു ഭരണ സമിതി യോഗമെങ്കിലും ചേര്‍ന്നിരിക്കണമെന്ന് പഞ്ചായത്ത് രാജ് നിയമം അനുശാസിക്കുന്നു.

ഇതനുസരിച്ചാണെങ്കില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കുറഞ്ഞത് 12 യോഗങ്ങള്‍ നടന്നേ മതിയാവൂ. എന്നാല്‍ സാധാരണ യോഗവും അടിയന്തര യോഗവും അടക്കം പ്രതിമാസം 2 യോഗങ്ങളെങ്കിലും സാധാരണ ഗതിയില്‍ നടക്കാറുണ്ട്. പദ്ധതി രൂപീകരണം, ബഡ്ജറ്റ് എന്നിവയുമായി ബന്ധപ്പെട്ട യോഗങ്ങള്‍ കൂടി ആകുമ്പോള്‍ എണ്ണം ഇനിയും കൂടും.

സകര്‍മ്മ മിനിട്ട്‌സ് അപ്‌ഡേഷന്‍ സ്റ്റാറ്റസ്

ഗ്രാമ പഞ്ചായത്തു സെക്രട്ടറിമാരുടെ പ്രതിമാസ ജില്ലാ തല അവലോകന യോഗങ്ങളിലെ പ്രധാന അജണ്ടയാണ് 'സകര്‍മ്മ മിനിട്ട്‌സ് അപ്‌ഡേഷന്‍ സ്റ്റാറ്റസ്'. എന്നാല്‍ ബ്ലോക്ക് പഞ്ചായത്തു സെക്രട്ടറിമാരുടെ പ്രതിമാസ അവലോകന യോഗത്തില്‍ ഇത് പ്രത്യേക വിഷയമല്ല. സകര്‍മ്മയില്‍ പ്രസിദ്ധീകരിക്കാന്‍ 2 മാസത്തില്‍ കൂടുതല്‍ കാലതാമസം വരുത്തിയാല്‍ സെക്രട്ടറിയുടെ മേല്‍ നടപടിയെടുക്കാം.

ഗ്രാമപഞ്ചായത്തുകളില്‍ ഈ ജോലികള്‍ ചെയ്യാന്‍ പ്രത്യേക ഉദ്യോഗസ്ഥരോ ടൈപ്പിസ്റ്റുമാരോ ഇല്ല. എന്നാല്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ യോഗങ്ങളുടെ നടപടിക്രമങ്ങള്‍ യഥാവിധി തയ്യാറാക്കി സകര്‍മ്മയില്‍ രേഖപ്പെടുത്താന്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (പ്ലാനിംഗ് ആന്റ് മോണിട്ടറിംഗ്) എന്ന ഒരു ഉദ്യോഗസ്ഥന്‍ തന്നെ നിലവിലുണ്ട്.

ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിറ്റിക്‌സ് വകുപ്പില്‍ നിന്നും ബ്ലോക്കുപഞ്ചായത്തുകളില്‍ നിയമിക്കപ്പെട്ടിട്ടുള്ള ഈ വിഭാഗം ഉദ്യോഗസ്ഥരുടെ പ്രധാന ജോലികളില്‍ ഒന്ന് ഇതാണ്. കൂടാതെ ഡാറ്റാ എന്‍ട്രി നടത്തി സഹായിക്കാന്‍ ബ്ലോക്കുകളില്‍ ടൈപ്പിസ്റ്റുമാരുമുണ്ട്.

തട്ടിപ്പിന്‍റെ വഴികള്‍

ബ്ലോക്ക് പഞ്ചായത്തുകളുടെ ഉല്പാദന, സേവന, പശ്ചാത്തല മേഖലകളിലെ പ്രോജക്ടുകള്‍ താരതമ്യേന വലിയ തുകകള്‍ക്കുള്ളതാണ്. അതുപോലെ ഗ്രൂപ്പുകള്‍ക്കുള്ള ധനസഹായവും. ഇതിനു പുറമേ കേന്ദ്ര-സംസ്ഥാനാവിഷ്‌കൃത പദ്ധതികളും കൂടിയാകുമ്പോള്‍ വന്‍ തുകകളാണ് ബ്ലോക്ക് പഞ്ചായത്തുകള്‍ വിനിയോഗിക്കേണ്ടി വരിക.

നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരം ഗ്രാമപഞ്ചായത്തുകള്‍ ഗ്രാമസഭകളിലൂടെ അംഗീകരിച്ച് മുകള്‍ തട്ടിലേക്ക് നല്‍കുന്ന ലിസ്റ്റുകളില്‍ നിന്നു മാത്രമേ വര്‍ക്കുകള്‍, വ്യക്തിഗത /ഗ്രൂപ്പ് ആനുകൂല്യങ്ങള്‍, മറ്റു ധനസഹായങ്ങള്‍ എന്നിവ ബ്ലോക്ക് പഞ്ചായത്തുകളിലൂടെ നല്‍കാന്‍ കഴിയൂ എന്നിരിക്കെയാണ്, ഇതൊന്നും പാലിക്കാതെ ബ്ലോക്ക് പഞ്ചായത്തുകള്‍ പദ്ധതികളും പദ്ധതി പ്രദേശങ്ങളും ഗുണഭോക്തൃ സംഘങ്ങളേയും എല്ലാം സ്വയം തെരഞ്ഞെടുക്കുന്നത്.

മിനിട്ട്സുകള്‍ യഥാസമയം സകര്‍മ്മയില്‍ പ്രസിദ്ധീകരിച്ചാല്‍ ഈ വിവരങ്ങള്‍ എല്ലാവര്‍ക്കും അറിയാന്‍ കഴിയും. പദ്ധതികളില്‍ ഇരട്ടിപ്പു വന്നാല്‍ കണ്ടെത്താനും കഴിയും. ഇതിനു പുറമേ ക്രമക്കേടുകള്‍ കാട്ടി സാമ്പത്തിക നേട്ടം ഉണ്ടാക്കാനും കൃത്രിമമായി എഴുതിച്ചേര്‍ക്കുന്ന വിവരങ്ങള്‍ ഭരണ സമിതി അംഗങ്ങളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും മറച്ചുവയ്ക്കാനുമാണ് ഈ യോഗ വിവരങ്ങള്‍ പരസ്യമാക്കാതെ സകര്‍മ്മയില്‍ത്തന്നെ ഡ്രാഫ്റ്റായി സൂക്ഷിക്കുന്നത്.

യോഗവിവരങ്ങളുടെ ഡ്രാഫ്റ്റ് സോഫ്റ്റ് വെയറില്‍ തയ്യാറാക്കി സൂക്ഷിക്കുകയും അതിന്‍റെ പ്രിന്‍റെടുത്ത് അടുത്ത കമ്മിറ്റിയില്‍ വായിച്ച് അംഗീകരിച്ചതായി ഭരണ സമിതി അംഗങ്ങളെ വിശ്വസിപ്പിക്കുകയുമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. എന്നാല്‍ മിനിട്ട്‌സ് സകര്‍മ്മയില്‍ അപ്രൂവ് ചെയ്യില്ല.

അപ്രൂവ് ചെയ്താല്‍ പിന്നീട് തിരുത്തല്‍ വരുത്താന്‍ സാധിക്കില്ല. കൂടാതെ പൊതുജനങ്ങള്‍ക്ക് ഇത് നേരിട്ട് മനസിലാക്കാനും കഴിയും. ഇതൊഴിവാക്കാന്‍ വേണ്ടിയാണ് മിനിട്ട്‌സുകള്‍ സകര്‍മ്മയില്‍ അപ്രൂവ് ചെയ്യാതെ സൂക്ഷിക്കുന്നത്. സകര്‍മയില്‍ മിനിട്ട്‌സ് ചെയ്യുന്നതിനാല്‍ നിലവില്‍ മിനിട്ട്‌സ് എഴുതി സൂക്ഷിക്കാറുമില്ല.

ചില ബ്ലോക്കുകള്‍ മെമ്പര്‍മാരെയും പൊതുജനങ്ങളേയും കബളിപ്പിക്കാനായി മിനിട്ട്‌സ് ബുക്കില്‍ എഴുതി സൂക്ഷിക്കും. എന്നാല്‍ ഇത് കാണിച്ച് പലരേയും കബളിപ്പിക്കാമെന്നല്ലാതെ ആധികാരിക രേഖ സകര്‍മ്മയിലെ അപ്രൂവ് ചെയ്യപ്പെട്ടതാണെന്ന് പലര്‍ക്കും അറിയില്ല.

ഗുരുതര വീഴ്ചകൾ

2018 സാമ്പത്തിക വര്‍ഷം മുതലുള്ള ബഡ്ജറ്റോ യോഗ വിവരങ്ങളോ, വാര്‍ഷിക പദ്ധതികളുടെ അംഗീകാരമോ പോലും സകര്‍മ്മയില്‍ അപ്ലോഡ് ചെയ്തിട്ടില്ലാത്ത ബ്ലോക്ക് പഞ്ചായത്തുകള്‍ ഉണ്ട്. ഇങ്ങനെ മുന്‍ വര്‍ഷങ്ങളിലെ മിനിട്ട്‌സുകള്‍ സകര്‍മ്മയില്‍ അപ്‌ലോഡ് ചെയ്യാതിരുന്നാല്‍ എന്തു തീരുമാനം വേണമെങ്കിലും ഈ വര്‍ഷങ്ങളിലെ യോഗങ്ങളിലേതായി ബി.ഡി.ഒയും എകസ്റ്റന്‍ഷന്‍ ഓഫീസറും ചേര്‍ന്ന് ഇതില്‍ ടൈപ്പ് ചെയ്ത് ചേര്‍ക്കാം.

നിരവധി ബില്ലുകളും വൗച്ചറുകളും പേമേന്‍റ് നടത്താനുള്ള ഭരണ സമിതിയുടെ അനുമതിയും എഴുതി ചേര്‍ത്ത് തുകകള്‍ മാറിയെടുക്കാനും ഈ പഴുതിലൂടെ സാധിക്കും. ഭൂരിപക്ഷം ബ്ലോക്കുകളിലും പ്രസിഡന്‍റിനു വേണ്ടി കമ്പ്യൂട്ടര്‍ സോഫ്‌റ്റ്‌വെയറില്‍ അപ്രൂവ് ചെയ്യുന്നതും ഈ ഉദ്യോഗസ്ഥരാണ്. ഇങ്ങനെ അപ്രൂവ് ചെയ്താല്‍ ഈ ഉദ്യോഗസ്ഥര്‍ നടത്തിയ എല്ലാ തിരിമറികള്‍ക്കും നിയമ സാധുതയുമാകും.

ഒരു ജില്ലയില്‍ കുറഞ്ഞത് 4 മുതല്‍ 16 വരെ ബ്ലോക്കുകളാണുള്ളത്. ഇവ പരിശോധിക്കാന്‍ 6 മുതല്‍ 7 വരെ ജില്ലാ ഓഫീസര്‍മാര്‍ ഗ്രാമവികസന വകുപ്പിലുണ്ട്. എന്നാല്‍ ഒരു ജില്ലയില്‍ പരമാവധി 94 ഗ്രാമപഞ്ചായത്തുകള്‍ ഉള്ളിടത്തു പോലും മേല്‍നോട്ടത്തിന് 2 ജില്ലാതല ഓഫീസര്‍മാര്‍ മാത്രമേ പഞ്ചായത്ത് വകുപ്പില്‍ നിലവിലുള്ളു.

2021ല്‍ ഒരു മിനിട്ട്‌സ് പോലും സകര്‍മ്മയില്‍ പ്രസിദ്ധീകരിക്കാത്ത ബ്ലോക്കുകള്‍

റാന്നി, കഞ്ഞിക്കുഴി, മുതുകുളം, മാടപ്പള്ളി, വാഴൂര്‍, കൂവപ്പടി , വെള്ളാങ്കല്ലൂര്‍, വേങ്ങര, തിരൂരങ്ങാടി, പെരുമ്പടപ്പ് , ബാലുശ്ശേരി, തളിപ്പറമ്പ്

മുന്‍സിപ്പാലിറ്റികള്‍ - ആകെ - 87 പ്രസീദ്ധീകരിക്കാത്തത് - 46

കോര്‍പ്പറേഷന്‍ ആകെ - 6

പ്രസിദ്ധീകരിക്കാത്തത് -5 പ്രസിദ്ധീകരിച്ചത് - കൊല്ലം മാത്രം

ജില്ലാ പഞ്ചായത്തുകള്‍ ആകെ - 14

പ്രസിദ്ധീകരിക്കാത്തത് - തിരുവനന്തപുരം

ആകെ 941 ഗ്രാമ പഞ്ചായത്തുകള്‍- എല്ലാവരും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

Last Updated : Sep 30, 2021, 5:17 PM IST

For All Latest Updates

ABOUT THE AUTHOR

...view details