തിരുവനന്തപുരം:കോർപ്പറേഷനിലെ വാഹനക്കണക്ക് സംബന്ധിച്ച് കൂടുതൽ പിഴവുകൾ പുറത്ത്. മോഷണംപോയ വാഹനങ്ങൾ കണ്ടെത്താൻ നിയോഗിച്ച സെർച്ച് കമ്മിറ്റിക്ക് കൗൺസിലിൻ്റെ അംഗീകാരമില്ലായിരുന്നുവെന്ന വാദം പൊളിച്ച് പ്രതിപക്ഷം രംഗത്തെത്തി. കൗൺസിലിൻ്റെ അംഗീകാരത്തോടെയാണ് മൂന്ന് മുന്നണികളിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിച്ചതെന്ന്, കമ്മിറ്റിയിലെ യു.ഡി.എഫ് അംഗമായിരുന്ന പി പദ്‌മകുമാർ വെളിപ്പെടുത്തി.
കൗൺസിലിൻ്റെ അംഗീകാരമില്ലാതെ സെർച്ച് കമ്മിറ്റി രൂപീകരിച്ചുവെങ്കിൽ അത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പിയും രംഗത്തെത്തി. മേയർ ആര്യ രാജേന്ദ്രന് കാര്യങ്ങൾ അറിയില്ലെന്നും വിഷയത്തിൽ പ്രതികരിക്കാതെ മേയർ ഒളിച്ചുകളിക്കുകയാണെന്നും ബി.ജെ.പി കൗൺസിലർ കരമന അജിത് ആരോപിച്ചു. വാഹനങ്ങൾ മോഷണം പോയതായി മൂന്നംഗ സെർച്ച് കമ്മിറ്റി കണ്ടെത്തിയിട്ടും പൊലീസിൽ പരാതി കൊടുക്കാത്തതിൽ പ്രതിഷേധിച്ചാണ് താൻ കമ്മിറ്റിയിൽ നിന്ന് രാജി വച്ചതെന്ന് പി പദ്‌മകുമാർ വ്യക്തമാക്കി.
ആരോപണത്തിന് ബലം പകര്‍ന്ന് വെളിപ്പെടുത്തൽ:മോഷണം സംബന്ധിച്ച് ഭരണസമിതി പരാതി നൽകിയിട്ടില്ലെന്നും സി.പി.എം പ്രവർത്തകർ സ്വകാര്യമായി നഗരസഭ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള ബി.ജെ.പിയുടെ ആരോപണത്തിന് ബലം പകരുന്നതാണ് പുതിയ വെളിപ്പെടുത്തൽ. വാഹനങ്ങളുടെ കണക്ക് സംബന്ധിച്ച് നഗരസഭ ഇ.ടി.വി ഭാരതിന് നൽകിയ വിവരാവകാശത്തിൽ പിഴവുപറ്റിയെന്നും സെർച്ച് കമ്മിറ്റി കൗൺസിൽ രൂപീകരിച്ചതല്ലെന്നുമായിരുന്നു മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.ആർ അനിലിൻ്റെ വാദം.