തിരുവനന്തപുരം:നിയമന കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി യുഡിഎഫും ബിജെപിയും. കത്ത് വിവാദം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത പ്രത്യേക കൗൺസിൽ യോഗം പരാജയപ്പെട്ടതോടെയാണ് പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം തീരുമാനിച്ചത്. നഗരസഭയ്ക്കകത്ത് യുഡിഎഫ് കൗൺസിലർമാരുടെയും പുറത്ത് യൂത്ത് കോൺഗ്രസിൻ്റെയും സമരം ഇന്നും നടക്കും.
11 മണിക്ക് നഗരസഭയിലേക്ക് കർഷക മോർച്ചയുടെ നേതൃത്വത്തില്‍ മാർച്ച് നടക്കും. നിയമന പട്ടിക ഇനിയും പുറത്ത് വരുമെന്നും മേയർ രാജി വയ്ക്കുന്നത് വരെ സമരം തുടരുമെന്നുമാണ് ബിജെപി പറയുന്നത്.
കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് നടത്തിയ നഗരസഭ മാർച്ചിൽ വൻ സംഘർഷമാണ് ഉണ്ടായത്. നിയമന ശിപാർശ കത്ത് പുറത്തുവന്ന് ഒന്നര ആഴ്ച കഴിഞ്ഞിട്ടും കത്തിൻെറ ഉറവിടം കണ്ടെത്താൻ ക്രൈംബ്രാഞ്ചിനോ വിജിലൻസിനോ കഴിഞ്ഞിട്ടില്ല. കത്തിനെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് റിപ്പോർട്ടും ഇതുവരെ ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറിയില്ല.
കത്തിനെ കുറിച്ചുള്ള വിജിലൻസ് അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. കത്തിന്‍റെ ശരിപ്പകർപ്പ് നശിപ്പിച്ച സാഹചര്യത്തിൽ സമഗ്രമായ അന്വേഷണം തന്നെ വേണ്ടിവരും. കേസെടുത്തുള്ള അന്വേഷണം വൈകുന്നതിനാൽ തെളിവുകള്‍ നഷ്‌ടപ്പെടാനും സാധ്യതയുണ്ട്.