തിരുവനന്തപുരം: കോർപറേഷനിലെ കത്ത് വിവാദത്തിൽ പ്രതിപക്ഷ സമരം ഒത്തുതീർപ്പാക്കാൻ ധാരണ. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്നും ഡി ആർ അനിൽ ഒഴിയും. ഡി ആർ അനിലിനെ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തുമെന്ന് മന്ത്രി എംബി രാജേഷ് അറിയിച്ചു. കത്ത് വിവാദത്തിൽ മന്ത്രി എം ബി രാജേഷിന്‍റെ അധ്യക്ഷതയിലുള്ള പ്രതിപക്ഷ കക്ഷി നേതാക്കളുടെ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
താത്കാലിക നിയമനത്തിന് ആളുകളെ തരണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന് ഡിആര്‍ അനില്‍ എഴുതിയ കത്ത് പുറത്തു വന്നതോടെയാണ് പ്രതിപക്ഷം സമരം ആരംഭിച്ചത്. കത്ത് എഴുതിയത് താനാണെന്ന് ഡി ആര്‍ അനില്‍ നേരത്തെ സമ്മതിച്ചിരുന്നു.
മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കണമെന്ന ആവശ്യമാണ് ബിജെപിയും കോണ്‍ഗ്രസും ഉന്നയിച്ച രണ്ടാമത്തെ ആവശ്യം. മേയറുടെ ആരോപണത്തില്‍ നിലവിൽ രണ്ട് കേസുകളുണ്ട്. ഒരു കേസിൽ വിധി വന്നു. രണ്ടാമത്തെ കേസ് കോടതിയുടെ തീർപ്പിന് വിടുകയാണെന്ന് മന്ത്രിമാര്‍ അറിയിച്ചു. അതുസംബന്ധിച്ച് ചർച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ല. കോടതി വിധിയനുസരിച്ച് അക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രിമാരായ എംബി രാജേഷും വി ശിവൻകുട്ടിയും പ്രതിപക്ഷത്തെ അറിയിച്ചു. ഇക്കാര്യം ബിജെപിയും കോണ്‍ഗ്രസും സമ്മതിക്കുകയായിരുന്നു.
മേയർക്കെതിരെ അന്വേഷണം തുടരുമെന്ന് തദ്ദേശ മന്ത്രി എം.ബി രാജേഷ് യോഗത്തിൽ വ്യക്തമാക്കി. ഇതോടെ, കോർപറേഷനു മുന്നിലെ സമരങ്ങൾ താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് യുഡിഎഫ്, ബിജെപി നേതൃത്വം വ്യക്തമാക്കി. മന്ത്രി എം ബി രാജേഷ്, വി ശിവൻകുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചർച്ച നടന്നത്. കൗൺസിലിൽ പ്രതിനിധ്യമുള്ള നേതാക്കളും ചർച്ചയിൽ പങ്കെടുത്തിരുന്നു. സമരം തുടങ്ങി 55-ാം ദിവസമാണ് ഒത്തു തീര്‍ന്നത്.
ALSO READ:'ചർച്ചയ്‌ക്ക് തയ്യാർ, പക്ഷേ ആര്യ രാജേന്ദ്രനും ഡിആർ അനിലും രാജിവയ്‌ക്കണം' ; കത്ത് വിവാദത്തിൽ കെ മുരളീധരൻ