തിരുവനന്തപുരം: പാലാ സീറ്റിനെ ചൊല്ലി എൻസിപിയിൽ ഉടലെടുത്ത തർക്കം രൂക്ഷമാകുന്നു. പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദ്ദേശപ്രകാരം എൻ.സി.പി നേതാക്കളായ മന്ത്രി എ.കെ.ശശീന്ദ്രനും മാണി സി കാപ്പനും തമ്മിൽ നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു. പാലാ സീറ്റിനെ ചൊല്ലി മുന്നണി വിടേണ്ടതില്ലെന്ന് ചർച്ചയിൽ മന്ത്രി എ.കെ.ശശീന്ദ്രൻ നിലപാടെടുത്തപ്പോൾ പാലാ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്ന നിലപാട് മാണി സി കാപ്പനും വ്യക്തമാക്കി. പാലായിൽ തുടർച്ചയായി താൻ നടത്തിയ പോരാട്ടത്തിന്‍റെ വിജയമായിരുന്നു കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് വിജയമെന്നും വിജയം അയോഗ്യതയാകുന്നത് അംഗീകരിക്കില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.
പാലാ സീറ്റിനെ ചൊല്ലി എൻസിപിയിൽ തർക്കം രൂക്ഷം - തിരുവനന്തപുരം വാർത്തകൾ
എ.കെ.ശശീന്ദ്രനും മാണി സി കാപ്പനും തമ്മിൽ നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു
![പാലാ സീറ്റിനെ ചൊല്ലി എൻസിപിയിൽ തർക്കം രൂക്ഷം controversy over the Pala seat has escalated in the NCP പാലാ സീറ്റിനെ ചൊല്ലി എൻസിപിയിൽ ഉടലെടുത്ത തർക്കം രൂക്ഷമാകുന്നു എ.കെ.ശശീന്ദ്രനും മാണി സി കാപ്പനും ചർച്ച തിരുവനന്തപുരം വാർത്തകൾ പാലാ സീറ്റ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10198318-thumbnail-3x2-ncp.jpg)
എന്നാൽ ഒരു സീറ്റിനെ ചൊല്ലി ദീർഘകാലത്തെ എൽഡിഎഫ് ബന്ധം വഷളാക്കരുതെന്നായിരുന്നു ശശീന്ദ്രന്‍റെ നിലപാട്. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിൽ ഇരുവരും ഉറച്ചു നിന്നതോടെ യോഗം അലസിപ്പിരിഞ്ഞു. നിയമസഭയിലെ മന്ത്രി ശശീന്ദ്രന്‍റെ ചേമ്പറിൽ വച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പ്രശ്നം പരിഹരിക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി എ.കെ.ശശീന്ദ്രനും മാണി സി കാപ്പനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറിൽ ഇരുവരും പ്രത്യേകമായാണ് മുഖ്യമന്ത്രിയെ കണ്ടത്. വിവാദങ്ങളിലേക്ക് പോകരുതെന്നും എല്ലാ പ്രശ്നങ്ങളും കൃത്യസമയത്ത് പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഇരുവർക്കും വാക്കു നൽകി.
മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ശശീന്ദ്രനും കാപ്പനും പിന്നീട് കൂടിക്കാഴ്ച നടത്തിയത്. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ നേടിയ തിളക്കമാർന്ന ജയത്തിനിടെ പാലാ സീറ്റിനെ ചൊല്ലി എൽഡിഎഫിലുണ്ടായ തർക്കം മുന്നണി നേതൃത്വത്തിനും ക്ഷീണമായി മാറിയിരിക്കുകയാണ്.