തിരുവനന്തപുരം:ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള അഭിമാന പദ്ധതിയെന്ന പേരിലാണ് എ ഐ ക്യമാറ പദ്ധതി സര്‍ക്കാര്‍ അവതരിപ്പിച്ചത്. 272 കോടി രൂപ മുടക്കി 726 ക്യാമറകള്‍ സ്ഥാപിച്ച് സംസ്ഥാന വ്യപകമായി ഗതാഗത നിയമ ലംഘനം നിരീക്ഷിക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിട്ടത്. എന്നാല്‍ പദ്ധതിയുടെ ഉദ്‌ഘാടനത്തിനു പിന്നാലെ തന്നെ വിവാദങ്ങളും ഉയര്‍ന്നിരിക്കുകയാണ്.
പദ്ധതിക്കായി ചിലവഴിച്ച കോടികള്‍ സംബന്ധിച്ചാണ് ഇപ്പോള്‍ ഉയര്‍ന്ന വിവാദങ്ങള്‍. കൃത്യമായ ടെന്‍ഡര്‍ അടക്കമുള്ള നടപടികള്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നോ എന്നതാണ് ചർച്ചയ്‌ക്ക് കാരണമാകുന്നത്. പദ്ധതിക്ക് പിന്നില്‍ അഴിമതിയുണ്ടെന്നതാണ് നിലവിലെ ആരോപണം.
കൃത്യമായി ടെന്‍ഡര്‍ നടപടി നടന്നിട്ടുണ്ടോ ആരൊക്കെയാണ് ടെഡറില്‍ പങ്കെടുത്തത് തുടങ്ങിയ വിവരങ്ങളൊന്നും നിലവില്‍ ലഭ്യമായിട്ടില്ല. വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് പോലും സര്‍ക്കാര്‍ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. നിലവില്‍ കെല്‍ട്രോണും മോട്ടോര്‍വാഹന വകുപ്പും തമ്മിലാണ് പദ്ധതി സംബന്ധിച്ച് കരാറുള്ളത്. എന്നാല്‍ ഇതിന്‍റെ ഉപകരാറുകള്‍ നിരവധി കമ്പനികളിലേക്ക് ബന്ധപ്പെട്ടുകിടക്കുകയാണ്.
നിലവില്‍ സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട് ഏറ്റവും അധികം കരാര്‍ ലഭിക്കുന്ന ഊരാളുങ്കൽ സര്‍വീസ് സൊസൈറ്റിയടക്കം ആരോപണങ്ങളില്‍ നിറയുകയാണ്. നിലവില്‍ ബെംഗളൂര്‍ ആസ്ഥാനമായ എസ്.ആര്‍.ഐ.ടി എന്ന കമ്പനിയുമായാണ് കെല്‍ട്രോണ്‍ ഉപരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മോട്ടോര്‍വാഹന വകുപ്പ് നേരിട്ട് ഈ കമ്പനിയുമായി കരാര്‍ ഒപ്പിടാത്തതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൈകഴുകുകയാണ്.
ആരോപണം ഉയർത്തി രമേശ് ചെന്നിത്തല:കോണ്‍ഗ്രസ് നേതാവ് രമേശ ചെന്നിത്തലയാണ് ഇക്കാര്യം സംബന്ധിച്ച് ആദ്യമായി ആരോപണം ഉന്നയിച്ചത്. ഈ പദ്ധതിയില്‍ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഉണ്ടെങ്കില്‍ എത്ര കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുത്തിട്ടുണ്ട്? അവ ഏതെല്ലാം എന്ന് വ്യക്തമാക്കണം. ഈ പദ്ധതി നടപ്പിലാക്കുന്ന കമ്പനിക്ക് പിരിച്ചെടുക്കുന്ന തുകയില്‍ നിന്നും എത്ര ശതമാനമാണ് ലഭിക്കുന്നത് എന്നു കൂടി പൊതുജനങ്ങള്‍ക്കറിയണം തുടങ്ങിയ ആവശ്യങ്ങളാണ് ചെന്നിത്തല ആദ്യം ഉന്നയിച്ചത്.
എന്നാല്‍ സര്‍ക്കാര്‍ ഈ ആരോപണങ്ങളില്‍ കൃത്യമായി മറുപടി പറഞ്ഞില്ല. ഇതിനു പിന്നാലെ കരാറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. എസ്.ആര്‍.ഐ.ടി എന്ന കമ്പനിയും ഊരാളുങ്കലുമായുള്ള ബന്ധം വെളിവാക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. നേരത്തെ ഇരു കമ്പനികളും തമ്മിലുണ്ടാക്കിയ കരാറാണിത്. ഇതിന് എ ഐ ക്യാമറ പദ്ധതിയുമായി ബന്ധമില്ലെങ്കിലും സിപിഎമ്മുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഊരാളുങ്കലുമായുളള ബന്ധത്തിന്‍റെ പേരില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു പ്രതിപക്ഷ ശ്രമം.