തിരുവനന്തപുരം:എഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സര്‍ക്കാര്‍ പുറത്തുവിട്ട വിജിലന്‍സ് അന്വേഷണ നടപടിയില്‍ അടിമുടി വൈരുധ്യം. മോട്ടോര്‍ വാഹന വകുപ്പിലെ ജോയിന്‍റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്ന രാജീവ് പുത്തലത്തിനെതിരെ ഈ വര്‍ഷം മാര്‍ച്ചില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്നാണ് ഇന്ന് വിജിലന്‍സ് വൃത്തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്. എഐ ക്യാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സേഫ് കേരള പദ്ധതിയുടെ ഭാഗമായി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
സേഫ് കേരള പദ്ധതിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും കൊവിഡ് മൂലം സ്‌തംഭനത്തിലായിരുന്ന സമയത്ത് 2021 മെയ് 31ന് വിരമിച്ച ഉദ്യോഗസ്ഥനാണ് രാജീവ് പുത്തലത്ത്. സേഫ് കേരള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതാകട്ടെ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2023 ഏപ്രില്‍ 12നും. വിജിലന്‍സ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വാര്‍ത്ത പ്രകാരം 2022 മെയ് മാസത്തില്‍ പ്രാഥമിക അന്വേഷണം നടത്തി 2023 മാര്‍ച്ചില്‍ വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്‌തുവെന്നാണ് പറയുന്നത്. അതേസമയം എഐ ക്യാമറകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് അനുമതി നല്‍കിയ ഏപ്രില്‍ 12ലെ മന്ത്രിസഭ യോഗ തീരുമാനത്തിലെ കുറിപ്പില്‍ 2022 മാര്‍ച്ച് ഒന്‍പതിലെ റോഡ് സേഫ്‌റ്റി അതോറിറ്റി യോഗത്തില്‍ സേഫ് കേരള പദ്ധതിക്ക് ഘട്ടം ഘട്ടമായി മാത്രമെ അനുമതി ലഭിച്ചിട്ടുള്ളൂ.
പദ്ധതിക്ക് സമഗ്രമായ ഭരണാനുമതി നേടിയെടുക്കുന്നതിന് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുവാന്‍ ഗതാഗത കമ്മിഷണര്‍ക്ക് ചുമതല നല്‍കുകയും ചെയ്‌തു എന്നാണ് പറയുന്നത്. അതായത് 2022 മാര്‍ച്ച് ഒന്‍പതിനും ഈ പദ്ധതിക്ക് സമഗ്രമായ ഭരണാനുമതി ലഭിച്ചിട്ടില്ലെന്ന് വ്യക്തം. അപ്പോഴും കടലാസിലുള്ള പദ്ധതിയുടെ പേരില്‍ അതിനും കൃത്യം ഒരു വര്‍ഷം മുന്‍പ് വിരമിച്ച ഉദ്യോഗസ്ഥന്‍ എങ്ങനെ പ്രതിയാകും എന്ന ചോദ്യമാണ് ഉയരുന്നത്. മാത്രമല്ല സേഫ് കേരള പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ 2018ല്‍ തീരുമാനിക്കുമ്പോള്‍ അന്ന് ഗതാഗത കമ്മിഷണറായിരുന്നത് ഇപ്പോഴത്തെ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ആയിരുന്നു.
അന്ന് സേഫ് കേരള പദ്ധതിയുടെ ഭാഗമായി എഐ ക്യാമറകള്‍ സ്ഥാപിക്കുന്നതിന്‍റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് വൈദഗ്ധ്യമില്ലെന്ന് ചൂണ്ടിക്കാട്ടി അവര്‍ ഒഴിഞ്ഞുമാറി. ഇക്കാര്യത്തില്‍ സാങ്കേതിക വൈദഗ്ധ്യമുള്ള സി-ഡാക്, എന്‍ഐസി, കെല്‍ട്രോണ്‍ എന്നിവരുമായി ഇത് സംബന്ധിച്ച ആശയ വിനിമയം നടത്താനായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്‍റെ ശുപാര്‍ശ. ഇത് അനുസരിച്ച് പിന്നീട് സംസ്ഥാന സര്‍ക്കാര്‍ കെല്‍ട്രോണിനെ തിരഞ്ഞെടുത്തു എന്ന് മാത്രമല്ല ഇത് സംബന്ധിച്ച് പിന്നീട് കെല്‍ട്രോണ്‍ ഒരു ഘട്ടത്തില്‍ പോലും മോട്ടോര്‍ വാഹന വകുപ്പുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല.
സര്‍ക്കാര്‍ തലത്തിലും ഗതാഗത മന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ ചര്‍ച്ചകളിലാണ് ഇത് സംബന്ധിച്ച കരാറുകളും ഉപകരാറുകളും രൂപം കൊള്ളുന്നത്. മാത്രമല്ല ഇതിന്‍റെ കരാര്‍ അന്തിമമായി അംഗീകരിക്കുന്നതിന് മുന്‍പ് ധന വകുപ്പ്, ഗതാഗത വകുപ്പ്, നിയമ വകുപ്പ് എന്നിവ കരാറുകള്‍ പരിശോധിക്കുകയും ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എഐ ക്യാമറ വാങ്ങിയതിന്‍റെ ഉത്തരവാദിത്തം 2021ല്‍ വിരമിച്ച ഒരു ഉദ്യോഗസ്ഥന്‍റെ തലയിലാകുന്നതെങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്.
ഫലത്തില്‍ ഇപ്പോള്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സര്‍വീസില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പ് വിരമിച്ച ഒരു ഉദ്യോഗസ്ഥനെ ബലിയാടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. മാത്രമല്ല അഴിമതി ആരോപണം ഉയരുന്നത് വരെ ഈ പദ്ധതിയുടെ കരാറുകാരുടെയോ ഉപകരാറുകാരുടെയോ പേരുവിവരങ്ങള്‍ ഒന്നും വെബ് സൈറ്റിലോ പൊതുസമൂഹത്തിലോ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതെന്തുകൊണ്ട് എന്ന ചോദ്യമുയര്‍ത്തി പ്രതിപക്ഷം രംഗത്തുവന്നു.
സര്‍ക്കാരിന് എന്തോ ഒളിക്കാന്‍ ഉദ്ദേശമുള്ളത് കൊണ്ടാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഏതായാലും ഇപ്പോള്‍ സര്‍ക്കാര്‍ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിക്ക് ഒരു ഉദ്യോഗസ്ഥനെ ബലിയാടാക്കി രക്ഷപ്പെടാനുള്ള സര്‍ക്കാര്‍, സിപിഎം തന്ത്രം എന്ന ആരോപണവും ഇപ്പോഴത്തെ വിജിലന്‍സ് അന്വേഷണത്തിനെതിരെ ഉയരുന്നു.