തിരുവനന്തപുരം:സംസ്ഥാനത്തിന് നിരക്ക് കുറച്ച് വൈദ്യുതി നൽകാമെന്ന് കരാർ കമ്പനികൾ (Contract companies to provide electricity at lower rates to KSEB). യൂണിറ്റിന് 6.88 രൂപയ്ക്ക് നൽകാമെന്നാണ് കമ്പനികൾ കെഎസ്ഇബിയെ (KSEB) അറിയിച്ചത്. അദാനിയും ഡിബി പവറുമാണ് തീരുമാനം അറിയിച്ചത്.
യൂണിറ്റിന് 6.90 രൂപയ്ക്ക് അഞ്ച് വർഷത്തേക്ക് 403 മെഗാവാട്ട് വൈദ്യുതി നൽകാമെന്ന് അദാനി പവറും യൂണിറ്റിന് 6.97 രൂപയ്ക്ക് വൈദ്യുതി നൽകാമെന്ന് ഡിബി പവറും സർക്കാരിനെ അറിയിച്ചിരുന്നു. തുടർന്ന്, ചർച്ചകൾക്ക് ശേഷമാണ് യൂണിറ്റിന് 6.88 രൂപയ്ക്ക് വൈദ്യുതി നൽകാമെന്ന് കമ്പനികൾ അറിയിച്ചത്.
403 മെഗാവാട്ടിന്‍റെ കരാറിൽ 303 മെഗാവാട്ട് വൈദ്യുതിയാകും അദാനി പവർ നൽകുക. ബാക്കി ഡിബി പവറിൽ നിന്നും സംസ്ഥാനം വാങ്ങും. കരാറിന് ഇനി റെഗുലേറ്ററി കമ്മിഷന്‍റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. റെഗുലേറ്ററി കമ്മിഷന്‍റെ അംഗീകാരം ലഭിച്ചാൽ കരാറുമായി കെഎസ്ഇബി മുൻപോട്ട് പോകും.
വൈദ്യുതി ബോർഡിന് പ്രതിദിനം അഞ്ച് കോടി രൂപയുടെ അധിക ചെലവ് വരുന്ന രീതിയിലാണ് കരാർ. എന്നാൽ വൈദ്യുതി വാങ്ങിയില്ലെങ്കിൽ പ്രതിസന്ധി മറികടക്കാനാകില്ല. നിലവിൽ ലോഡ്ഷെഡ്ഡിങ് ഒഴിവാക്കാനാണ് സർക്കാർ തീരുമാനം. കരാർ കമ്പനികൾക്ക് ടെൻഡർ ലഭിച്ചാലും അടുത്ത മാസം മാത്രമേ വൈദ്യുതി ലഭിച്ച് തുടങ്ങുകയുള്ളു.
നിലവിൽ അധിക നിരക്കിൽ വൈദ്യുതി വാങ്ങുന്നത് അതുവരെ തുടരേണ്ടി വരും. എന്നാൽ ഇത് തുടർന്നാൽ വൈദ്യുതി നിരക്ക് വർധനവ് അല്ലാതെ സർക്കാരിന് മറ്റ് മാർഗങ്ങളില്ലാത്ത സാഹചര്യമാണ്. പ്രതിദിനം യൂണിറ്റിന് 4.26 രൂപയ്ക്കായിരുന്നു സർക്കാർ വൈദ്യുതി വാങ്ങിയിരുന്നത്.
കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന ദീർഘകാല കരാർ റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയതിനെ തുടർന്നാണ് പ്രതിസന്ധി ആരംഭിച്ചത്. ഇതോടെ പ്രതിസന്ധി ഒഴിവാക്കാൻ പ്രതിദിനം യൂണിറ്റിന് 6.50 രൂപയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യമുണ്ടായി. ഏഴ് വർഷമായി ഇത്തരത്തിൽ പ്രതിദിനം യൂണിറ്റിന് 4.26 രൂപയ്ക്കായിരുന്നു സംസ്ഥാനം വൈദ്യുതി വാങ്ങിയിരുന്നത്.
എന്നാൽ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി റെഗുലേറ്ററി കമ്മിഷൻ കരാർ റദ്ദാക്കുകയായിരുന്നു. ജാബുവ പവർ ലിമിറ്റഡ്, ജിണ്ടാൽ പവർ ലിമിറ്റഡ്, ജിണ്ടാൽ തെർമൽ പവർ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിൽ നിന്നായിരുന്നു സംസ്ഥാനം മുൻപ് വൈദ്യുതി വാങ്ങിയിരുന്നത്.
also read:KSEB on Power Shortage 'വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ സഹകരിക്കണം', ഉപഭോക്താക്കളോട് അഭ്യര്‍ഥനയുമായി കെഎസ്‌ഇബി
അഭ്യർഥനയുമായി കെഎസ്ഇബി:സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന അഭ്യർഥനയുമായി കെഎസ്ഇബി (KSEB appeals to consumers to cooperate to avoid electricity regulation in the state). സാങ്കേതിക തകരാറിനെ തുടർന്ന് വിവിധ കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്ന് സംസ്ഥാനത്തിന് ലഭിച്ച വൈദ്യുതിയിൽ അപ്രതീക്ഷിതമായ കുറവുണ്ടായതിനെ തുടർന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്.
വൈകുന്നേരം ആറ് മുതല്‍ 11 വരെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്നാണ് കെഎസ്‌ഇബി ആവശ്യപ്പെടുന്നത്. നിലവിൽ സംസ്ഥാനത്തിന് ലഭിച്ച വൈദ്യുതിയിൽ ഏകദേശം 300 മെഗാവാട്ട് കുറവാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തിന്‍റെ മൊത്തം വൈദ്യുതി ലഭ്യതയിൽ വന്ന കുറവുകൊണ്ടാണ് ഇപ്പോൾ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമുള്ളത്. അത് ഒഴിവാക്കുന്നതിനായുള്ള സഹകരണമാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്.