തിരുവനന്തപുരം:അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയ്ക്കുള്ളിലും സഭ കോംപ്ലക്‌സിലും നടത്തുന്ന പ്രതിഷേധത്തിന് എതിരെ മുന്നറിയിപ്പുമായി സ്‌പീക്കർ എ എൻ ഷംസീർ. പ്രതിഷേധങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ പ്രതിപക്ഷ പ്രതിഷേധം അതിര് വിടുകയാണെന്ന് ചൂണ്ടിക്കാട്ടിയ സ്‌പീക്കര്‍ പ്രതിഷേധം അതിര് വിട്ടാൽ കർശന നടപടി എടുക്കുമെന്ന് മുന്നറിയിപ്പു നൽകി. സഭയിൽ പ്ലക്കാർഡുകളും സ്‌പീക്കറുടെ മുഖം മറയ്ക്കുന്ന തരത്തിൽ ബാനർ ഉയർത്തുന്നതുമായ പ്രവണ കൂടി വരികയാണ്.
ഇക്കാര്യത്തിലും ഇനി കർശന നടപടി ഉണ്ടാകും. ചട്ടം 50 പ്രകാരമുള്ള അടിയന്തര നോട്ടിസ് പരിഗണിക്കാതിരിക്കുന്നത് സർക്കാരിൻ്റെ നിർദേശ പ്രകാരമാണ് എന്ന പ്രതിപക്ഷ ആക്ഷേപം സ്‌പീക്കറുടെ നിഷ്‌പക്ഷതയെ ചോദ്യം ചെയ്യുന്നതും പാർലമെൻ്ററി മര്യാദകളുടെ ലംഘനവുമാണ്. പ്രതിപക്ഷത്തിൻ്റെ നാല് അടിയന്തര പ്രമേയ നോട്ടിസുകൾ ചെയർ തള്ളിയെന്നത് വസ്‌തുത ആണെങ്കിലും അത് പ്രതിപക്ഷത്തിൻ്റെ അവകാശങ്ങൾ ശാശ്വതമായി തടയാൻ ഉദ്ദേശിച്ചു കൊണ്ടോ സർക്കാരിൻ്റെ താത്പര്യം സംരക്ഷിക്കുന്നതിനോ അല്ല.
പ്രതിപക്ഷ അവകാശ സംരക്ഷണത്തിന് മുൻഗാമികൾ തുടർന്ന മാതൃക വീണ്ടും തുടരുന്നതാണ്. സഭ ടി വി സംപ്രേഷണം സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങൾ പരിശോധിക്കും. പാർലമെൻ്റ് ടി വി മാതൃകയിൽ പ്രതിപക്ഷ പ്രതിഷേധം കൂടി ഉൾപ്പെടുത്തുന്നത് ചർച്ച ചെയ്യും. സഭയിൽ വ്യാഴാഴ്‌ച അരങ്ങേറിയ സംഭവങ്ങളിൽ മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസുകളിൽ വിശദമായ പരിശോധനയ്ക്ക് ശേഷമേ തുടർനടപടി ഉണ്ടാകൂ എന്നും സ്‌പീക്കർ അറിയിച്ചു.
ഷാഫി പറമ്പിലിനെതിരായ പരാമർശം പിൻവലിച്ചു: ഷാഫി പറമ്പിൽ പാലക്കാട് തോൽക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ മാർച്ച് 14ന് നിയമസഭയിൽ നടത്തിയ വിവാദ പരാമർശം പിൻവലിച്ചു. പ്രസ്‌താവന അംഗത്തെ വേദനിപ്പിച്ചതായി മനസിലാക്കുന്ന സാഹചര്യത്തിൽ പ്രസ്‌താവന പിൻവലിക്കുകയാണെന്ന് സ്‌പീക്കർ നിയമസഭയിൽ പറഞ്ഞു. പ്രസ്‌താവന അനുചിതം ആണെന്നും സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുകയാണെന്നും സ്‌പീക്കർ സഭയെ അറിയിച്ചു.