സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച് സമ്പർക്ക രോഗികൾ - സമ്പർക്ക രോഗികൾ കേരളം
കേരളത്തിൽ ഉറവിടം അറിയാത്ത രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ചൊവ്വാഴ്‌ച മാത്രം 68 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 15 പേരുടെയും രോഗ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം മുപ്പതിന് മുകളിലായിരുന്നു. ചെറിയ അശ്രദ്ധ പോലും സമൂഹ വ്യാപനത്തിലേക്ക് നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. നഗരങ്ങളിൽ ഏറ്റവും വേഗത്തിൽ രോഗം പടർന്നു പിടിക്കാൻ സാധ്യതയുണ്ട്. അതിനാൽ നഗരങ്ങൾ കേന്ദ്രീകരിച്ച് നിയന്ത്രണവും പ്രതിരോധ പ്രവർത്തനങ്ങളും കൂടുതൽ ശക്തമാക്കണം. തിരുവനന്തപുരത്ത് സംഭവിച്ചത് കൊച്ചിയും കോഴിക്കോടും പോലെയുള്ള നഗരങ്ങളിൽ സംഭവിക്കാൻ പാടില്ല. സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണ് കൊച്ചിയിൽ റിപ്പോർട്ട് ചെയ്‌ത രോഗബാധിതരുടെ നിരക്ക്. കൊച്ചിയിൽ പരിശോധന വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.