തിരുവനന്തപുരം:കിള്ളിയാറിൽ പുതുതായി വരുന്ന ബണ്ട്, വെള്ളപ്പൊക്ക ഭീഷണിയുണ്ടാക്കുമെന്ന് ആരോപണം. ജഗതി പാലത്തിൽ നിന്നും ഏകദേശം ഒരു കിലോമീറ്ററോളം അകലെയായി ആരനൂർ വാർഡിലെ പാറച്ചിറയിലാണ് കിള്ളിയാർ കൈയേറിയുള്ള ബണ്ട് നിർമാണം. വി കെ പ്രശാന്ത് മേയറായിരുന്ന കാലത്ത് കിള്ളിയാർ തീരത്തെ വീടുകളിൽ മഴക്കാലത്ത് വെള്ളം കയറാതിരിക്കാനായി തീരുമാനിച്ച പദ്ധതിയുടെ ഭാഗമായാണ് ബണ്ട് നിർമിക്കുന്നത്.
ദീർഘകാലമായി നിശ്ചലാവസ്ഥയിലായിരുന്ന പദ്ധതി ഡിസംബർ അവസാനത്തോടെ നിർമാണം ആരംഭിക്കുകയായിരുന്നു. നിർമാണം ഏകദേശം 80 ശതമാനത്തോളം പൂർത്തിയായ ശേഷമാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. മഴക്കാലമായാൽ ജഗതി, കാരക്കാട്, പാറച്ചിറ ഭാഗത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. നിലവിൽ ഇത് തടയാനായി സ്ഥാപിച്ച ബണ്ടും കവിഞ്ഞു വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയാണിവിടെ.
എന്നാൽ, നിർമാണം പുരോഗമിക്കുന്ന ബണ്ട് പൂർത്തിയാകുന്നതോടെ കഴുത്തിന് മീതെയുള്ള വെള്ളം തലയ്ക്കു മീതെയാകുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക. നഗരസഭയുടെ ആരനൂർ വാർഡ് പ്രദേശത്താണ് നിലവിൽ ബണ്ടിന്‍റെ നിർമാണം നടക്കുന്നത്. എന്നാൽ, വെള്ളപ്പൊക്ക ഭീഷണിയുണ്ടാകുന്നത് ജഗതി വാർഡ് പ്രദേശങ്ങളിലെ വീടുകളിലാണെന്ന് നാട്ടുകാർ പറയുന്നു.