തിരുവനന്തപുരം : രാജ്യത്തെ മതേതരത്വം, ജനാധിപത്യം, ഫെഡറലിസം തുടങ്ങിയ ഭരണഘടന മൂല്യങ്ങള്‍ കടുത്ത വെല്ലുവിളികള്‍ നേരിടുന്നുകയാണെന്നും ഇത് രാജ്യത്ത് യഥാര്‍ഥ ഫെഡറലിസം നടപ്പാക്കുന്നതിന് തടസങ്ങള്‍ സൃഷ്‌ടിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന ദിന സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ ഭരണ ഘടന അംഗീകരിക്കപ്പെട്ടിട്ട് ഇന്നേക്ക് 73 വര്‍ഷം പൂര്‍ത്തിയാവുകയാണ്. എന്നാല്‍ രാജ്യം ഇന്ന് നിരവധി വെല്ലുവിളികളാണ് അഭിമുഖീകരിക്കുന്നത്. അത്തരം വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള പോരാട്ടത്തില്‍ പങ്കുചേരേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം :ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് ഇന്നേക്ക് 73 വർഷം പൂർത്തിയാവുകയാണ്. 1946 മുതൽ 1949 വരെയുള്ള മൂന്ന് വര്‍ഷ കാലയളവിൽ ഭരണഘടന നിര്‍മ്മാണ സഭയിൽ നടത്തിയ ദീര്‍ഘവും ചരിത്ര പ്രസിദ്ധവുമായ സംവാദങ്ങള്‍ക്കൊടുവിലാണ് ജനങ്ങള്‍ അവര്‍ക്കായി നൽകിയ ഭരണഘടന രൂപം കൊണ്ടത്. പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായാണ് നമ്മുടെ രാജ്യത്തെ ഭരണഘടന വിഭാവനം ചെയ്‌തത്.
ദേശീയ സ്വാതന്ത്ര്യസമരത്തിന്‍റെ മൂല്യങ്ങള്‍ സ്വാംശീകരിച്ച് മൗലികാവകാശങ്ങളും പൗര സ്വാതന്ത്ര്യങ്ങളും സാമ്പത്തിക സമത്വവും വിഭാവനം ചെയ്‌തുകൊണ്ടാണ് ഭരണഘടനയ്ക്ക് രൂപം നൽകിയത്. സ്വാതന്ത്ര്യലബ്‌ധിക്ക് ശേഷം നിലനിന്ന സാമ്പത്തിക അസമത്വവും സാമൂഹ്യ ഉച്ചനീചത്വവും ഭരണഘടന മൂല്യങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതിന് തടസമായി. ജനകീയ സമരങ്ങളും നിയമ പോരാട്ടങ്ങളും അവകാശ സംരക്ഷണത്തിനായി നടന്നു.
പൗരാവകാശ സംരക്ഷണത്തിനായി സ്വതന്ത്ര ഇന്ത്യയിൽ നടത്തിയ വിഖ്യാതമായ നിയമ പോരാട്ടമാണ് എ.കെ. ഗോപാലന്‍ Vs സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന കേസ്. സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എ.കെ.ജി നടത്തിയ നിയമ പോരാട്ടം അന്ന് വിജയം കണ്ടില്ലെങ്കിലും ആ കേസിലെ ന്യൂനപക്ഷ വിധി ശരിയായിരുന്നുവെന്ന് ദശാബ്‌ദങ്ങള്‍ക്ക് ശേഷം സുപ്രീംകോടതി ആധാര്‍ കേസിന്‍റെ വിധിയിലൂടെ അംഗീകരിക്കുകയുണ്ടായി.
ഭൂപരിഷ്‌കരണത്തിനും സാമ്പത്തിക സമത്വത്തിനും വേണ്ടിയുള്ളതും തൊട്ടുകൂടായ്‌മയ്ക്കും തീണ്ടിക്കൂടായ്‌മയ്ക്കും എതിരെയുള്ളതുമായ വിവിധ പോരാട്ടങ്ങള്‍ രാജ്യത്തിന്‍റെ നാനാഭാഗങ്ങളിൽ സ്വാതന്ത്ര്യത്തിന് ശേഷം തുടരുകയാണ്. ജനങ്ങള്‍ ജനങ്ങള്‍ക്കായി നൽകിയ ഭരണഘടന അവര്‍ തന്നെ സംരക്ഷിക്കേണ്ട പോരാട്ടങ്ങളിലാണ് ജനങ്ങളും അവര്‍ക്ക് നേതൃത്വം നൽകുന്ന ബഹുജന പ്രസ്ഥാനങ്ങളും ഏര്‍പ്പെട്ടിട്ടുള്ളത്. ഇന്ന് നമ്മുടെ രാജ്യത്ത് മതനിരപേക്ഷ, ജനാധിപത്യ, ഫെഡറൽ മൂല്യങ്ങള്‍ കനത്ത വെല്ലുവിളി നേരിടുകയാണ്.