തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ ഉമ്മന്‍ചാണ്ടിയെ യു.ഡി.എഫ് നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന ആവശ്യവുമായി ഘടകകക്ഷി നേതാക്കള്‍. കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചയിലാണ് നേതാക്കള്‍ ഇക്കാര്യം ഉന്നയിച്ചത്. ഉമ്മന്‍ചാണ്ടി യു.ഡി.എഫിന്‍റെയും കോണ്‍ഗ്രസിന്‍റെയും മുഖ്യധാരയില്‍ കുറച്ചു കൂടി സജീവമാകണമെന്ന ആവശ്യം നേതാക്കള്‍ താരിഖ് അന്‍വറിനു മുന്നില്‍ വച്ചു.
തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ അനുകൂല സാഹചര്യമുണ്ടായിട്ടും തിരച്ചടി നേരിട്ട പശ്ചാത്തലത്തിലാണ് താരിഖ് അന്‍വറിനെ അടിയന്തരമായി ഹൈക്കമാന്‍ഡ് സംസ്ഥാനത്തേക്കയച്ചത്. യു.ഡി.എഫിലെ രണ്ടാമത്തെ ഘടകകക്ഷിയായ മുസ്‌ലിം ലീഗുമായി നടത്തിയ കൂടിക്കാഴ്ചയിലും നേതാക്കള്‍ ഇക്കാര്യം മുന്നോട്ടു വച്ചിരുന്നു. ഇന്ന് താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ ആര്‍.എസ്.പി നേതാക്കളും, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ഇക്കാര്യം മുന്നോട്ടു വച്ചതായാണ് സൂചന. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കനത്ത തിരച്ചടി നേരിട്ടതിനെ തുടർന്നാണ് ഉമ്മൻചാണ്ടി യുഡിഎഫിന്‍റെ നേതൃ നിരയില്‍ നിന്ന് പിൻമാറിയത്.