തിരുവനന്തപുരം:ഗുണ്ടാ സംഘകളുമായുള്ള പൊലീസുകാരുടെ ബന്ധത്തെകുറിച്ചുള്ള വിവരം പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം മംഗലപുരം സ്‌റ്റേഷനിലെ മുഴുവന്‍ പൊലീസുകാര്‍ക്കും സ്ഥലംമാറ്റം. സ്‌റ്റേഷനിലെ എല്ലാ പൊലീസുകാരെയും സ്ഥലം മാറ്റാനാണ് തീരുമാനം. സ്‌റ്റേഷന്‍ എസ്എച്ച്ഒ സജീഷിനെ നേരത്തെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് മുഴുവന്‍ ഉദ്യോസ്ഥര്‍ക്കെതിരെയും നടപടിയെടുത്തിരിക്കുന്നത്.
മംഗലപുരം സ്‌റ്റേഷൻ പരിധിയില്‍ യുവാവിനെ തട്ടികൊണ്ടു പോയി മര്‍ദിച്ച കേസിലെ പ്രതികളെ അറസ്‌റ്റ് ചെയ്യുന്നതില്‍ വലിയ വീഴ്‌ചയാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഈ പ്രതികളാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ കിണറ്റില്‍ തളളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇവയെല്ലാം കണക്കിലെടുത്താണ് സ്‌റ്റേഷനിലെ കൂട്ട നടപടി.
ഇതുകൂടാതെ ഗുണ്ടാമാഫിയ ബന്ധമുള്ള കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. ഗുണ്ടാ ബന്ധമുള്ള ഡിവൈഎസ്‌പിമാര്‍ക്കെതിരായ നടപടി ശുപാര്‍ശ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഗുണ്ടാ മാഫിയയുമായി ബന്ധമുള്ള രണ്ട് ഇന്‍സ്‌പെക്‌ടർമാരെയും ഒരു എസ്ഐയേയും കൂടി ഇന്ന് സസ്പെന്‍ഡ് ചെയ്‌തു.
പേട്ട ഇന്‍സ്‌പെക്‌ടർ റിയാസ് രാജ, ചേരന്നല്ലൂര്‍ ഇന്‍സ്‌പെക്‌ടർ വിപിന്‍ കുമാര്‍, തിരുവല്ലം എസ്ഐ സതീഷ് കുമാര്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ഗുണ്ടാബന്ധത്തില്‍ സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെ എണ്ണം അഞ്ചായി.
റെയില്‍വേ ആസ്ഥാനത്തെ സിഐ അഭിലാഷ് ഡേവിഡിനെ ഇന്നലെ സസ്പെന്‍ഡ് ചെയ്‌തിരുന്നു. ഇതുകൂടാതെ 160 ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടി നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം. പ്രവര്‍ത്തനത്തിലെ പോരായ്‌മകൾ പരിഗണിച്ചാണ് ഇവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശയുളളത്. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം സംബന്ധിച്ച് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പട്ടിരുന്നു. പൊലീസുകാരുടെ ഗുണ്ടാ ബന്ധം സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്‍റലിജന്‍സ് വിഭാഗം സംസ്ഥാന പൊലീസ് മേധാവിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.