തിരുവനന്തപുരം :കഴക്കൂട്ടം കാരോട് ബൈപ്പാസിലെ ടോൾ പിരിവിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരൻ. 50 ശതമാനം റോഡ് പണിതീരാതെ ടോൾ പിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് കെ സുധാകരന്‍ പറഞ്ഞു. ടോൾ പിരിവ് തടഞ്ഞുള്ള കോൺഗ്രസ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പ്രശ്‌നമായ ടോൾ പിരിവിനെതിരെ മുഖ്യമന്ത്രി ഒരു ഇടപെടലും നടത്തുന്നില്ല. പശുവിന് പാൽ കൂടുമ്പോൾ കറവക്കാരന് അധികം പണം ലഭിക്കുന്നതുപോലെ ഇതിനുപിന്നിൽ ഒരു കറവക്കാരൻ ഉണ്ടെന്നും സുധാകരൻ പറഞ്ഞു.
ബൈപ്പാസ് ടോൾ പിരിവിനെതിരെ കെ. സുധാകരൻ ALSO READ:ടോൾ പിരിവിനെതിരെ നടക്കുന്നത് നീതിക്കായുള്ള സമരമെന്ന് ഉമ്മൻ ചാണ്ടി
കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചേട്ടൻ ബാവയും അനിയൻ ബാവയുമാണ്. പണമുണ്ടാക്കുക എന്ന പൊതുലക്ഷ്യത്തില്‍ ഉൾപ്പെട്ടവരാണ് സിപിഎമ്മും ബിജെപിയുമെന്നും കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു.
ബൈപ്പാസിലെ ടോൾ പിരിവിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ നടത്തുന്ന അനിശ്ചിതകാല സമരം 20 ദിവസങ്ങൾ പിന്നിട്ടു. റോഡ് പണി പൂർത്തിയാകുന്നതുവരെ ടോൾ പിരിവ് ഒഴിവാക്കണമെന്നും പ്രദേശവാസികൾക്ക് ഇളവ് നൽകണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം.