കേരളം

kerala

ETV Bharat / state

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റില്‍ കെപിസിസിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന് - കെപിസിസി പ്രതിഷേധം

Rahul arrest: കോണ്‍ഗ്രസ് പ്രതിഷേധം ഇന്ന്. അതിനിടെ രാഹുലിന്‍റെ ജാമ്യഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.

Congress Protest  Rahul Mankottathil arrest  കെപിസിസി പ്രതിഷേധം  രാഹുല്‍ മാങ്കൂട്ടത്തില്‍
Rahul Mankoottathil arrest: KPCC state wide protest today

By ETV Bharat Kerala Team

Published : Jan 11, 2024, 10:22 AM IST

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് സമരത്തിലെ അക്രമ കേസില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്‌തതില്‍ പ്രതിഷേധിച്ച് കെപിസിസി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന് (KPCC Protest on Rahul Mamkootathil arrest). വൈകിട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തും.

ഇതിന് പുറമെ യൂത്ത് കോൺഗ്രസും പ്രാദേശിക തലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. സംഘടന ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്‌ണന്‍ ആണ് ഇക്കാര്യം അറിയിച്ചത്. രാഹുലിനെ പിന്തുടർന്ന് അനേകായിരങ്ങൾ ജയിലിൽ പോകാൻ തയ്യാറായി നിൽക്കുകയാണെന്നും എത്രപേരെ ജയിലിൽ അടച്ചാലും സർക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും ജനദ്രോഹ നടപടികൾ കോൺഗ്രസ് ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇന്നലെ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് കേസെടുത്തു. കന്‍റോണ്‍മെന്‍റ് പൊലീസ് ആണ് കേസെടുത്തത്. ഷാഫി പറമ്പിലിനെതിരെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ്. പൊതുവീഥികളില്‍ സമരമോ ജാഥയോ നടത്താന്‍ പാടില്ലെന്ന ഉത്തരവ് ലംഘിച്ച് സമരം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.

അതിനിടെ ഇന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യപേക്ഷ പരിഗണിക്കുന്നത്. ഇന്നലെയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ചൊവ്വാഴ്‌ച ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. രാഹുലിനെ അറസ്റ്റ് ചെയ്‌ത നടപടികളില്‍ വീഴ്‌ച ഉണ്ടായിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം വ്യാജ ഐഡി കാര്‍ഡ് വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇത്തരമൊരു സ്ഥിതി ഉണ്ടാക്കിയതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. രാഹുലിന് വീരപരിവേഷം ചാര്‍ത്തി നല്‍കാനാണ് ശ്രമമെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്‍റെ പരിഹാസം. മന്ത്രിസഭയിലുള്ള മിക്കവരും വിവിധ ഘട്ടങ്ങളില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്നും റിയാസ് പറഞ്ഞു.

രാഹുലിന് ജാമ്യത്തിന് ശ്രമിക്കാതെ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണെന്നും റിയാസ് ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കുന്നത്. വലിയ ഗൂഢാലോചന ഇക്കാര്യത്തില്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Also Read: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ റിമാൻഡ്, സംസ്ഥാന വ്യാപക പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

ABOUT THE AUTHOR

...view details