തിരുവനന്തപുരം: ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 4ന് ശശി തരൂര്‍ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനില്‍ എ.ഐ.സി.സി പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനുള്ള തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനെത്തിയപ്പോള്‍ പ്രവര്‍ത്തകരുടെ സാന്നിധ്യം കണ്ട് തരൂര്‍ പോലും ഞെട്ടി. യൂത്ത് കോണ്‍ഗ്രസുകാരും സാധരണക്കാരുമായ ആയിരത്തിലധികം പ്രവര്‍ത്തകരാണ് തരൂരിനെ കാണാനും സ്വീകരിക്കാനും അവിടെ തടിച്ചു കൂടിയത്. എന്നാല്‍ തരൂര്‍ വരുന്നുണ്ടെന്നറിഞ്ഞ് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ മുങ്ങി.
പിന്തുണയുമായി യുവനിര: തിരിച്ചറിയല്‍ കാര്‍ഡ് നല്‍കേണ്ട ഉത്തരവാദിത്തം ഉളളത് കൊണ്ട് പാര്‍ട്ടി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യുരാധാകൃഷ്‌ണന് മാത്രം മുങ്ങാന്‍ സാധിച്ചില്ല. കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ തരൂരിനെ അംഗീകരിക്കാതിരിക്കുമ്പോഴും കേരളത്തില്‍ നിന്നുള്ള രണ്ട് ലോക്‌സഭാംഗങ്ങള്‍ ഇതിനകം തരൂരിന് പരസ്യ പിന്തുണ അറിയിച്ചു കഴിഞ്ഞു. എറണാകുളം എം.പി ഹൈബി ഈഡന്‍, കോഴിക്കോട് എം.പി എം.കെ രാഘവന്‍, മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ഒരു ഘട്ടത്തില്‍ പിന്തുണയുമായെത്തിയെങ്കിലും മുതിര്‍ന്ന നേതൃത്വം ഇടപെട്ട് താക്കീത് ചെയ്‌തെന്നാണ് സൂചന.
പക്ഷേ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ തരൂരിനെ അനുകൂലിച്ച് പ്രത്യക്ഷപ്പെടുന്ന പോസ്റ്ററുകള്‍ക്ക് കേരളത്തില്‍ വന്‍ പിന്തുണയാണ് ലഭിക്കുന്നത്. ഇത്തരം പോസ്റ്റുകള്‍ കൂടുതലും യുവാക്കളുടെ ഭാഗത്ത് നിന്നാണെന്നതും ശ്രദ്ധേയമാണ്. 75 വയസ് കഴിഞ്ഞ സോണിയ ഒഴിയുമ്പോള്‍ ആ സ്ഥാനത്തേക്ക് എത്തുന്നത് 80കാരനായ ഖാര്‍ഗേ ആണെന്ന പരിഹാസവും സാമൂഹിക മാധ്യങ്ങളില്‍ നിറയുന്നു.
കേരളത്തില്‍ നിന്ന് 330 കെ.പി.സി.സി അംഗങ്ങളാണുള്ളത്. തരൂരിന് എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രികയില്‍ 10 കെ.പി.സി.സി അംഗങ്ങളുടെ ഒപ്പാണ് ആവശ്യമുണ്ടായിരുന്നത്. എന്നാല്‍ കേരളത്തില്‍ നിന്ന് 17 പേര്‍ തയ്യാറായി എന്നാണ് തരൂരിനോടടുപ്പമുള്ള വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
തരൂരിനെ കേരള നേതാക്കള്‍ ഭയപ്പെടുന്നതെന്തിന്?സീനിയോറിറ്റിയും തരൂരിന്‍റെ ചില നിലപാടുകളും ചൂണ്ടിക്കാട്ടിയാണ് കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തെ എതിര്‍ക്കുന്നതെങ്കിലും യഥാര്‍ഥ കാരണം അതു മാത്രമല്ല. നെഹ്‌റു കുടുംബത്തിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ഥി അല്ലെങ്കിലും മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് പിന്നില്‍ ആരെന്ന് എല്ലാവര്‍ക്കും അറിയാം. നെഹ്‌റു കുടുംബത്തിന്‍റെ പരോക്ഷ പിന്തുണയുള്ള സ്ഥാനാര്‍ഥിയെ പിന്തുണച്ച് പല്ലുകളയണോ എന്ന ചിന്തയാണ് പ്രധാനം.
രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ തുടങ്ങിയ പ്രബല നേതാക്കള്‍ പരസ്യമായി തന്നെ തരൂരിനെതിരെ രംഗത്ത് വന്നു. എന്നാല്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ ആദ്യം മനഃസാക്ഷി വോട്ടെന്നും പിന്നാലെ ഖാര്‍ഗെയെന്നും പറഞ്ഞെങ്കിലും ഇപ്പോള്‍ നിലപാട് അല്പമൊന്ന് മയപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക സ്ഥാനത്തുള്ള നേതാക്കള്‍ ആരും സ്ഥാനാര്‍ഥികള്‍ക്ക് എതിരെ പരസ്യമായി രംഗത്ത് വരരുതെന്ന് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനായ മധുസൂദന്‍ മിസ്ത്രിയുടെ അന്ത്യശാസനം ഒരു പരിധിവരെ സുധാകരന് തുണയായി എന്നുവേണം കരുതാന്‍.
അസ്വസ്ഥരായി മുതിര്‍ന്ന നേതാക്കള്‍: ആര്‍ക്കെങ്കിലും വോട്ട് ചെയ്യണം എന്ന് ഔദ്യോഗികമായി നിര്‍ദേശിക്കാന്‍ കെ.പി.സി.സിക്ക് കഴിയില്ലെന്നതാണ് അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ നിലപാട് മാറ്റം. യഥാര്‍ഥത്തില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം ശശി തരൂരിന് ദേശീയ തലത്തില്‍ ലഭിച്ച ജനപിന്തുണയിലും ദേശീയ മാധ്യമ ശ്രദ്ധയിലും കേരള നേതാക്കള്‍ തികച്ചും അസ്വസ്ഥരാണ്. പക്ഷേ അത് ശശി തരൂര്‍ എന്ന വിശ്വപൗരന്‍റെ ഇമേജാണെന്ന യാഥാര്‍ഥ്യം അവര്‍ക്ക് മുന്നിലുണ്ടെങ്കിലും അതൊന്നും ഇവിടെ വിലപ്പോകില്ലെന്ന ഒരു തരം ഈഗോയാണ് കേരള നേതാക്കളെ നയിക്കുന്നത്.
എക്കാലവും നെഹ്‌റു കുടുംബത്തോട് കൂറു പുലര്‍ത്തിയ പാരമ്പര്യമാണ് കേരളത്തിലെ കോണ്‍ഗ്രസിനുള്ളതെന്ന ചരിത്രമുണ്ടെങ്കിലും ഒരു ഉടച്ചു വാര്‍ക്കല്‍ അനിവാര്യമായ കോണ്‍ഗ്രസില്‍ ഖാര്‍ഗെയെക്കാള്‍ സ്വീകാര്യത തരൂരിനെന്ന് പുതുതലമുറ ഉറച്ച് വിശ്വസിക്കുന്നു. ഒരു പക്ഷേ ഭാവിയില്‍ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോലും തരൂര്‍ വളര്‍ന്നാല്‍ അത് തങ്ങള്‍ക്ക് തന്നെ ഭീഷണിയാണെന്ന തിരിച്ചറിവും കേരള നേതാക്കള്‍ക്കുണ്ട്.
പ്രചാരണം ആര്‍എസ്‌എസ് ഹൃദയ ഭൂമിയില്‍ നിന്ന്: പക്ഷേ കോണ്‍ഗ്രസ് എന്ന പ്രത്യേക ചട്ടക്കൂടിനുള്ളില്‍ മെരുങ്ങി നില്‍ക്കുന്ന പ്രകൃതമല്ല പലപ്പോഴും തരൂര്‍ പ്രകടിപ്പിച്ചിട്ടുള്ളതെന്നത് അദ്ദേഹത്തിന് തിരിച്ചടിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേരള മുഖ്യമന്ത്രി പിണറായി വിജയനെയും തരാതരം പോലെ പുകഴ്ത്താന്‍ മടികാണിക്കാത്ത തരൂരിന്‍റെ ചില അവസരത്തിലെ പ്രകടനങ്ങള്‍ കോണ്‍ഗ്രസിന് തന്നെ ഉണ്ടാക്കിയ പ്രതിസന്ധികളും ചില്ലറയല്ല. എങ്കിലും കോണ്‍ഗ്രസിന് പുത്തനുണര്‍വും ആത്മ വിശ്വാസവും കാലത്തിന് അനുയോജ്യമായ ഘടന മാറ്റവും കൊണ്ടുവരാന്‍ തരൂരിന് കഴിയുമെന്ന് കരുതുന്നവര്‍ ഒട്ടും കുറവല്ല. ബി.ജെ.പിക്ക് മുഴുവന്‍ കരുത്തും പകരുന്ന ആര്‍.എസ്.എസിന്‍റെ ആസ്ഥാനമായ നാഗ്‌പൂരില്‍ നിന്ന് തന്നെ പ്രചാരണത്തിന് തുടക്കമിട്ട് താന്‍ ബി.ജെ.പിക്കെതിരാണെന്ന ഒരു സന്ദേശം കൂടി തരൂര്‍ മുന്നോട്ട് വയ്ക്കുന്നു.
എങ്കിലും ഒന്‍പതിനായിരത്തിലധികം വരുന്ന വോട്ടര്‍മാരില്‍ ഭൂരിപക്ഷത്തിന്‍റെ പിന്തുണ ആര്‍ജിക്കുകയെന്നത് തരൂരിന് മുന്നിലുള്ള വെല്ലുവിളി തന്നെയായിരിക്കും ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്നത് വ്യക്തമാണ്. അങ്ങനെയെങ്കില്‍ പരാജിതനാകുന്ന തരൂരിന് കോണ്‍ഗ്രസിലെ ഭാവി എന്ത് എന്നത് നിര്‍ണായകമായിരിക്കും.