തിരുവനന്തപുരം :നേതാക്കളും പ്രവർത്തകരും തിങ്ങി നിറഞ്ഞ ഉത്സവാന്തരീക്ഷത്തിൽ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് തുടങ്ങി. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ പങ്കെടുക്കാൻ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾ രാവിലെ തന്നെ ഇന്ദിരാഭവനിലെത്തി. അധ്യക്ഷ സ്ഥാനാര്‍ഥി ശശി തരൂരും വോട്ട് ചെയ്യാനെത്തി.
ഉത്സവാന്തരീക്ഷത്തിൽ കെപിസിസി ആസ്ഥാനം ; കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു മുൻകാലങ്ങളിലേതുപോലെ ചേരി തിരിഞ്ഞുള്ള മുദ്രാവാക്യം വിളികളോ മുനവച്ചുള്ള അഭിമുഖങ്ങള്‍ക്കോ പകരം നേതാക്കൾക്കിടയിൽ തികഞ്ഞ സൗഹൃദാന്തരീക്ഷമാണ്. 10മണിക്ക് തെരഞ്ഞെടുപ്പ് ആരംഭിക്കും മുൻപ് തന്നെ മുതിർന്ന നേതാക്കളടക്കമുള്ളവരുടെ നീണ്ട ക്യൂ ദൃശ്യമായിരുന്നു.
വോട്ട് തരൂരിനോ ഖാർഗെയ്‌ക്കോ എന്ന് പരസ്യ അഭിപ്രായ പ്രകടനത്തിന് ആരും മുതിർന്നില്ലെങ്കിലും ഇത് കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്ന തെരഞ്ഞെടുപ്പായിരിക്കുമെന്ന അഭിപ്രായമാണ് നേതാക്കൾ പൊതുവെ പങ്കുവച്ചത്.
ശശി തരൂരിൻ്റെ പത്രികയിൽ ഒപ്പുവച്ച തമ്പാനൂർ രവിയാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. രണ്ടാമതായി പാലക്കാട് നിന്നുള്ള കെ എ തുളസി വോട്ട് ചെയ്‌തു. ശാരീരിക അവശതകൾ മറന്ന് വീൽ ചെയറിലാണ് തുളസി ഭർത്താവും പാലക്കാട് എംപിയുമായ വി കെ ശ്രീകണ്‌ഠനൊപ്പം വോട്ടുചെയ്യാനെത്തിയത്.
മണ്ണാംമൂല രാജൻ, ആർ ശിവകുമാർ ഉൾപ്പടെയുള്ള 4 ബ്ലോക്ക് പ്രസിഡൻ്റുമാരാണ് തരൂരിൻ്റെ ഏജന്‍റുമാർ. ഡീൻ കുര്യാക്കോസ്, വി കെ ശ്രീകണ്‌ഠൻ, വി എസ് ശിവകുമാർ, എ എ ഷുക്കൂർ എന്നിവരാണ് മല്ലികാർജുൻ ഖാർഗെയുടെ ഏജന്‍റുമാർ.