തിരുവനന്തപുരം:ബിജെപിയോട് കോണ്‍ഗ്രസ് ഒത്തുപോകുകയല്ല, പോരാടുകയാണെന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ഇതിന്‍റെ ലക്ഷ്യം മൃദുഹിന്ദുത്വ നിലപാടും ബിജെപിയുമായുള്ള രഹസ്യബാന്ധവവും മറച്ചുവച്ച് മതന്യൂനപക്ഷങ്ങളുടെ വോട്ട് സ്വാധീനിക്കാനുള്ള പരിശ്രമവുമാണെന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വിജയരാഘവന്‍ ആരോപിച്ചു. ആര്‍എസ്എസ് നിയന്ത്രിക്കുന്ന തീവ്രവര്‍ഗീയകക്ഷിയായ ബിജെപി നിയമസഭയില്‍ കയറിയത് കോണ്‍ഗ്രസുമായുള്ള രഹസ്യധാരണയില്‍ സാധിച്ചെടുത്തതാണ്.
കേരളത്തിന്‍റെ മതനിരപേക്ഷ പാരമ്പര്യത്തിന് വലിയ കളങ്കമുണ്ടാക്കുന്ന നടപടിയാണ് നേമം മണ്ഡലത്തില്‍ 2011ലും 2016ലും കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്നുണ്ടായത്. നേമത്ത് കിട്ടിയ സഹായത്തിന് ബിജെപി മറ്റു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഉള്‍പ്പെടെയുള്ള പ്രമുഖ യുഡിഎഫ് നേതാക്കള്‍ ഇതിന്‍റെ ഗുണഭോക്താക്കളാണെന്ന് വോട്ടിങ് കണക്കുകള്‍ നോക്കിയാല്‍ ബോധ്യപ്പെടും. ഘടകകക്ഷിക്ക് സീറ്റ് കൊടുക്കാതെ കോണ്‍ഗ്രസ് മത്സരിക്കുന്നത്. 'ഇതാ ബിജെപിയെ തളയ്ക്കാന്‍ കോണ്‍ഗ്രസ് വരുന്നു' എന്ന മാധ്യമപ്രചാരണത്തിനാണ്. അഞ്ചുവര്‍ഷത്തിനിടയില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഒരു വാചകംപോലും പറഞ്ഞിട്ടില്ല.
കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേട്ടയാടാനും വികസനപദ്ധതികള്‍ സ്തംഭിപ്പിക്കാനും ബിജെപിയുടെ ദേശീയ നേതൃത്വം തന്നെ രംഗത്തുവന്നപ്പോള്‍ എതിര്‍ത്ത് ഒരു വാക്കുപോലും പറയാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. ലൈഫ് മിഷനെതിരെ കോണ്‍ഗ്രസ് എംഎല്‍എ കേന്ദ്ര സര്‍ക്കാരിന് പരാതി കൊടുത്തതും പിറ്റേന്ന് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതും പരസ്പരധാരണയുടെ തെളിവാണ്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബിജെപി സര്‍ക്കാര്‍ ഉപയോഗിക്കുന്നതിനെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്ന് വിമര്‍ശിച്ചപ്പോള്‍, ദേശീയ നേതാവിന്‍റെ വായടപ്പിക്കാനാണ് രമേശ് ചെന്നിത്തലയും കൂട്ടരും മുതിര്‍ന്നത്.
കേരളത്തിന്‍റെ കാര്യത്തില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ട എന്നുവരെ രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിക്ക് അലോസരമുണ്ടാക്കുന്ന ഒന്നും ചെയ്യാനോ പറയാനോ കേരളത്തിലെ നേതൃത്വം തയ്യാറല്ല. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളുടെ സഹായത്തോടെ യുഡിഎഫ് അഴിച്ചുവിട്ട പ്രചാരണത്തില്‍ മതന്യൂനപക്ഷങ്ങളും മതനിരപേക്ഷ വിശ്വാസികളും പെട്ടുപോയിരുന്നുവെന്നത് വാസ്തവമാണ്. ഒരു ചക്ക വീണപ്പോള്‍ മുയല്‍ ചത്തെന്നുകരുതി വീണ്ടും അതിനു പുറപ്പെടരുതെന്നാണ് നേമത്തിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളോട് പറയാനുള്ളത്.
നേമത്തെ മത്സരം ഗൗരവമായി കാണുന്നുണ്ടെങ്കില്‍ മുരളീധരന്‍ എന്തുകൊണ്ട് എംപി സ്ഥാനം രാജിവയ്ക്കുന്നില്ലെന്ന ചോദ്യം ഉയരുന്നുണ്ട്. എന്നാല്‍, മുരളീധരനോ കെപിസിസി ഭാരവാഹികളോ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് മുരളീധരനും അറിയാം. അതുകൊണ്ടാണ് കക്ഷത്തിലുള്ളത് വിട്ട്, പറക്കുന്നതിനെ പിടിക്കാന്‍ അദ്ദേഹം തയ്യാറാകത്തതെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.