തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭരണനയങ്ങൾക്ക് എതിരെ പ്രക്ഷോഭവുമായി കോൺഗ്രസ്. രണ്ടു ദിവസമായി കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന ഭാരവാഹികളുടെയും നിര്‍വാഹക സമിതി അംഗങ്ങളുടെയും യോഗത്തിലാണ് പുതിയ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചത്.
സെക്രട്ടേറിയറ്റ് വളയും:2023 മേയ് 4 വ്യാഴാഴ്‌ച 'ഭരണ തകര്‍ച്ചക്കെതിരെ, കേരളത്തെ കാക്കാന്‍ ' എന്ന മുദ്രാവാക്യം ഉയര്‍ത്തി ഒരുലക്ഷം പ്രവര്‍ത്തകരെ അണിനിരത്തി സെക്രട്ടേറിയറ്റ് വളയല്‍ സംഘടിപ്പിക്കും. രാവിലെ 7 മുതല്‍ വൈകുന്നേരം 5 മണിവരെയാണ് സെക്രട്ടേറിയറ്റ് വളയല്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. അതിനായി കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് ടി സിദ്ധിഖ് എംഎല്‍എ ചെയര്‍മാനായി പ്രക്ഷോഭ കമ്മിറ്റിക്ക് കെപിസിസി രൂപം നല്‍കി.
വിലക്കയറ്റം മയക്കുമരുന്ന് മാഫിയ, സര്‍ക്കാരിന്‍റെ കര്‍ഷക ദ്രോഹ നയങ്ങള്‍, സ്വജനപക്ഷം, പിന്‍വാതില്‍ നിയമനം, ക്രമസമാധാന തകര്‍ച്ച, സെല്‍ഭരണം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് പ്രതിഷേധം. പ്രതിഷേധം വിജയിപ്പിക്കുന്നതിനായി വിവിധ ജില്ലകളെ ഉള്‍പ്പെടുത്തി രൂപികരിച്ച മേഖല കമ്മിറ്റികളുടെ കോഡിനേറ്റര്‍മാരായി കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ ചുമതല പിഎം നിയാസിനും മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളുടെ ചുമതല ആര്യാടന്‍ ഷൗക്കത്തിനും എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ ചുമതല അബ്‌ദുള്‍ മുത്തലിബിനും ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ ചുമതല കെപി ശ്രീകുമാറിനുമാണ്.
'ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍':ജനുവരി 26 മുതല്‍ ഭാരത് ജോഡോ യാത്രയുടെ അടുത്ത ഘട്ടമായി എഐസിസിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന 'ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍' ജനസമ്പര്‍ക്ക പരിപാടി സംസ്ഥാനത്ത് മാര്‍ച്ച് 20 വരെയുള്ള ദിവസങ്ങളിലായി സംഘടിപ്പിക്കും. 'ഭാരത് ജോഡോ യാത്ര' കശ്‌മീരില്‍ സമാപിക്കുന്ന ദിവസമായ ജനുവരി 30 ന് എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ വിപുലമായ ജനപങ്കാളിത്തത്തോടെ 'ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമം' പരിപാടികള്‍ സംഘടിപ്പിക്കും.