തിരുവനന്തപുരം :പതിറ്റാണ്ടുകളോളം പാര്‍ട്ടിയെ കൈവെള്ളയിലിട്ട് അമ്മാനമാടിയ കോണ്‍ഗ്രസിലെ പരമ്പരാഗത ശാക്തിക ചേരികളായ എ,ഐ ഗ്രൂപ്പുകളുടെ ശക്തി ചോരുന്നു. കെ.കരുണാകരനും എ.കെ.ആന്‍റണിക്കും ശേഷം എ, ഐ ഗ്രൂപ്പുനേതൃത്വം ഏറ്റെടുത്ത ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പിന്നില്‍ അടിയുറച്ചു നിന്ന നേതാക്കളൊന്നൊന്നായി ഇരുവരെയും ഉപേക്ഷിക്കുന്നതാണ് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ സംഭവവികാസം.
കെ.സുധാകരന്‍ നയിക്കുന്ന ഔദ്യോഗിക പക്ഷത്തിന്‍റെ മുന്‍നിര നേതാക്കള്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ.മുരളീധരന്‍, സംഘടനാ ചുമതലയുള്ള AICC ജനറല്‍ സെക്രട്ടറി KC Venugopal എന്നിവരാണ്. ഇവരുടെ സംയുക്ത നീക്കത്തിലൂടെയാണ് കേരളത്തിലെ കോണ്‍ഗ്രസിന്‍റെയും പോഷക സംഘടനയുടെയും നേതാക്കള്‍ അനുദിനം ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും ഉപേക്ഷിച്ച് സുധാകരനൊപ്പം ചേരുന്നത്.
ഗുഡ്ബുക്കിലെ സ്ഥാനം നഷ്ടപ്പെട്ട ഉമ്മന്‍ചാണ്ടിയും രമേശും
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തോടെ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗന്ധിയുടെയും ഗുഡ് ബുക്കിലുണ്ടായിരുന്ന സ്ഥാനം നഷ്ടമായതും കെ.സുധാകരന്‍റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷത്തിന് കാര്യങ്ങള്‍ എളുപ്പമാക്കി. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഏറ്റവും കരുത്തനായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പതനം അതിദയനീയമാണ്.
അദ്ദേഹത്തിന് പിന്നില്‍ ഇപ്പോള്‍ സംസ്ഥാന നേതാക്കളായ കെ.സി.ജോസഫും എം.എം.ഹസനും മാത്രമാണുള്ളത്. അരമനസുമായി ബെന്നി ബഹനാന്‍ എം.പിയുമുണ്ട്. ബെന്നിബെഹനാന്‍ ഏതുനിമിഷവും ഔദ്യോഗിക നേതൃത്വത്തിന് കീഴില്‍ അണിനിരക്കുമെന്നാണ് സുധാകര പക്ഷം നല്‍കുന്ന സൂചനകള്‍. തലസ്ഥാന ജില്ലയില്‍ അതിശക്തമായിരുന്ന ഉമ്മന്‍ചാണ്ടി വിഭാഗത്തിന്‍റെ കരുത്തരായ നേതാക്കളായിരുന്ന പാലോട് രവി, എന്‍.ശക്തന്‍, എം.എ.വാഹിദ്, വര്‍ക്കല കഹാര്‍ എന്നിവരെല്ലാം സുധാകര പക്ഷത്തേക്ക് കൂറുമാറി.
കൂടെയുണ്ടായിരുന്നവര്‍ കൂട്ടത്തോടെ കൂറുമാറുന്നു
തലസ്ഥാന ജില്ലയില്‍ Ramesh Chennithala യുടെ വിശ്വസ്തരായിരുന്ന കെ.മോഹന്‍കുമാറും വി.എസ്.ശിവകുമാറും കെ.സുധാകരനൊപ്പം ചേര്‍ന്നു കഴിഞ്ഞു. താരതമ്യേന ദുര്‍ബ്ബലരായ കരകുളം കൃഷ്ണപിള്ള, ശരത്ചന്ദ്ര പ്രസാദ് എന്നിവര്‍ മാത്രമാണ് ഇപ്പോള്‍ ചെന്നിത്തലയ്‌ക്കൊപ്പമുള്ളത്. സംസ്ഥാന തലത്തില്‍ Oommenchandyയുടെ വിശ്വസ്തരായിരുന്ന ടി.സിദ്ദിഖ്, ഷാഫി പറമ്പില്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും ചെന്നിത്തലയുടെ വിശ്വസ്തരായിരുന്ന ശൂരനാട് രാജശേഖരന്‍, വി.എസ്.ശിവകുമാര്‍ എന്നിവരും സുധാകരനൊപ്പം ചേര്‍ന്നത് ഇരുവര്‍ക്കും ഉണ്ടാക്കുന്ന ക്ഷീണം ചെറുതല്ല.
ഇതെല്ലാം മനസില്‍ വച്ചുകൊണ്ടു തന്നെയാണ് ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും വെല്ലുവിളിച്ച് താഴെ തട്ടുവരെ പുനസംഘടനയുമായി മുന്നോട്ടു പോകുമെന്ന് K Sudhakaran അര്‍ഥ ശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയത്. മാത്രമല്ല വരാനിരിക്കുന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ പരമ്പരാഗത എ, ഐ ഗ്രൂപ്പുകളെ വെല്ലുവിളിക്കാനുള്ള കരുത്ത് സുധാകരന് നല്‍കുന്നതും ഇതുതന്നെ. ഒരുമിച്ചുനിന്ന് സംഘടനാ തെരഞ്ഞെടുപ്പ് നേരിടുകയെന്നത് മാത്രമാണ് ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മുന്നിലുള്ളത്.