തിരുവനന്തപുരം: പള്ളിപ്പുറത്ത് ടെക്‌നോ സിറ്റിക്ക് വേണ്ടി കുടി ഒഴിപ്പിച്ച സ്ഥലത്ത് കളിമൺ ഖനനം നടത്താനുള്ള സർക്കാരിന്‍റെ നീക്കത്തിനെതിരെ കോൺഗ്രസ് ഏകദിന സത്യാഗ്രഹ സമരം സംഘടിപ്പിച്ചു.
പള്ളിപ്പുറത്തെ കളിമൺ ഖനനം; സത്യാഗ്രഹ സമരവുമായി കോൺഗ്രസ് - CM
ടെക്‌നോസിറ്റിയുടെ പ്രധാന കവാടത്തിന് മുന്നിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു
ടെക്‌നോസിറ്റിയുടെ പ്രധാന കവാടത്തിന് മുന്നിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളെ വിഢികളാക്കുകയാണ്. പശു പെറ്റെന്ന് കേട്ട് രഹസ്യമായി പാല് കറന്ന് കുടിക്കാമെന്ന് വ്യാമോഹിച്ചവർക്ക് ഏറ്റ തിരിച്ചടിയാണ് പ്രതിപക്ഷ നേതാവിന്‍റെ നടപടിയിലൂടെ വന്നിരിക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു . ടെക്‌നോസിറ്റി ഖനന ഭൂമിയാക്കി മാറ്റാൻ ഒരു കാരണവശാലും അനുവദിക്കില്ല. കാള പെറ്റെന്ന് കേട്ടാൽ കയർ എടുക്കുന്നവരല്ല യുഡിഎഫുകാർ. എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യം എല്ലാം നിഷേധിക്കുക്കുകയും പിന്നീട് കുറ്റം സമ്മതിക്കുകയും ചെയ്യും. ഖനനവുമായി മുന്നോട്ട് പോകുകയാണെങ്കിൽ അവർ മൂഢന്‍മാരുടെ സ്വർഗത്തിലാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
അടൂർ പ്രകാശ് എംപി, മുൻ എംഎൽഎമാരായ പാലോട് രവി, എംഎ വാഹിദ്, എംഎ ലത്തീഫ്, നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ പങ്കെടുത്തു. ഖനന നീക്കത്തിനെതിരെ കോൺഗ്രസ് രൂപീകരിച്ച 51 അംഗ ആക്ഷൻ കൗൺസിലിന്‍റെ നേത്യത്വത്തിലാണ് സത്യാഗ്രഹം സംഘടിപ്പിച്ചത്.