തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ്. ഇന്ന് കോണ്‍ഗ്രസ് നേതൃയോഗം ചേരും. രാവിലെ 11 മണിക്ക് കെപിസിസി ഓഫിസിലാണ് (Congress Leadership Meeting today at kpcc office) യോഗം ചേരുക.
പുതുപ്പള്ളിയുടെ വലിയ വിജയം നല്‍കുന്ന ആത്മവിശ്വാസവുമായാണ് കോണ്‍ഗ്രസ് ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. തൃക്കാക്കരയിലും പുതുപ്പള്ളിയിലും നടത്തിയതുപോലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എതിര്‍ സ്വരങ്ങള്‍ ഒഴിവാക്കി മുന്നോട്ട് പോകണമെന്ന സന്ദേശം നേതൃത്വം യോഗത്തില്‍ നല്‍കും.
ഹൈക്കമാന്‍ഡും ഇതേ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം അത്ര എളുപ്പമല്ലെന്ന് നേതാക്കള്‍ക്ക് തന്നെ ഉറപ്പുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ രമേശ് ചെന്നിത്തല കടുത്ത അമര്‍ഷത്തിലാണ്. പൊതുപ്രതികരണം മിതത്തോടെ നടത്തിയെങ്കിലും പാര്‍ട്ടി വേദികളില്‍ രമേശ് ചെന്നിത്തല (Ramesh chennithala) രൂക്ഷമായ വിമര്‍ശനം ഉയര്‍ത്താനാണ് സാധ്യത.
നേതൃത്വവുമായി പൂര്‍ണമായി ഇടഞ്ഞു നില്‍ക്കുന്ന കെ മുരളീധരന്‍റെ എതിര്‍പ്പാണ് മറ്റൊരു വിഷയം. പരസ്യ പ്രതികരണം ഒഴിവാക്കണമെന്ന നിര്‍ദേശം പൂര്‍ണമായും തള്ളിക്കൊണ്ട് വിഷയം നേതൃയോഗത്തിൽ മുരളീധരന്‍ അവതരിപ്പിച്ചേക്കും. ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഇന്നത്തെ നേതൃയോഗത്തില്‍ ചര്‍ച്ചയാകും.
സംസ്ഥാന സര്‍ക്കാറിനെതിരായ തുടര്‍ സമര പരിപാടികളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച വിഷയമാകും. നേരത്തെ സമര പരമ്പരകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പുതുപ്പള്ളി തെരഞ്ഞെടുപ്പ് കാരണം ഇവ നടന്നിരുന്നില്ല. നാളെ യുഡിഎഫ് യോഗവും ചേരുന്നുണ്ട്.
ചെന്നിത്തലയുടെ പൊതുപ്രതികരണം : ഇന്നലെ (സെപ്റ്റംബർ 11) മാധ്യമങ്ങളെ കണ്ട മുന്‍ പ്രതിപക്ഷ നേതാവും എംഎല്‍എയുമായ രമേശ് ചെന്നിത്തല (Ramesh chennithala) കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനസംഘടനയിലെ (CWC Membership) അവഗണനയിലെ അതൃപ്‌തി പരസ്യമാക്കിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ട്ടിയില്‍ പ്രത്യേക പദവികളൊന്നും വഹിക്കാത്ത നേതാവാണ് അദ്ദേഹം. പുതിയ പ്രവര്‍ത്ത സമിതി പ്രഖ്യാപനത്തില്‍ തനിക്ക് ചില പൊരുത്തക്കേടുകള്‍ തോന്നിയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഈ മാസം 16ന് ഹൈദരാബാദില്‍ ചേരുന്ന ആദ്യ പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കാനാണ് നിലവില്‍ രമേശ് ചെന്നിത്തലയുടെ തീരുമാനം. തനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതൃപ്‌തി പരസ്യമാക്കിയെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് സംസ്ഥാനത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട നേതാക്കളെയും അദ്ദേഹം അഭിനന്ദിച്ചിരുന്നു.
എകെ ആന്‍റണിയെ സമിതിയില്‍ ഉള്‍പ്പെടുത്തിയത് പാര്‍ട്ടിക്ക് അലങ്കാരമാണെന്നും കോണ്‍ഗ്രസിന്‍റെയും രാജ്യത്തിന്‍റെയും പ്രധാന നേതാവാണ് ശശി തരൂര്‍ എന്നും രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. സ്ഥാനങ്ങള്‍ ഒന്നുമില്ലെങ്കിലും താന്‍ കോണ്‍ഗ്രസിനൊപ്പം തന്നെ തുടരുമെന്നും മാധ്യമങ്ങളെ കണ്ട രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
Read More :CWC Membership Ramesh Chennithala: 'അതൃപ്‌തി പരസ്യമാക്കി', അന്ന് മാനസിക സംഘർഷമുണ്ടായെന്നും ചെന്നിത്തല
അതേസമയം, വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കുറിച്ചും രമേശ് ചെന്നിത്തല സംസാരിച്ചിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് ഒറ്റക്കെട്ടായി നീങ്ങാനാണ് കേരളത്തിലെ പാര്‍ട്ടിയും മുന്നണിയും തയാറാകുന്നതെന്നും തൃക്കാക്കരയിലെയും പുതുപ്പള്ളിയിലെയും കൂറ്റന്‍ വിജയങ്ങള്‍ 20 ലോക്‌സഭ മണ്ഡലങ്ങളിലേക്കും പകര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല ഇന്നലെ അറിയിച്ചിരുന്നു.