തിരുവനന്തപുരം:പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി.സതീശനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാക്കൾ. ഹൈക്കമാന്‍റ് തീരുമാനം അംഗീകരിക്കുന്നതായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഡി സതീശനെ ഫോണിൽ വിളിച്ച് രമേശ് ചെന്നിത്തല അഭിനന്ദിച്ചു.
വി.ഡി.സതീശനെ അഭിനന്ദിച്ച് മുതിർന്ന നേതാക്കൾ സതീശന് ഹാർദ്ദവമായ അഭിനന്ദനങ്ങൾ എന്നായിരുന്നു സുധീരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അതീതമായി പാർട്ടി താൽപര്യത്തിന് മുൻതൂക്കം ലഭിച്ചത് തികഞ്ഞ യാഥാർത്ഥ്യം ഉൾക്കൊണ്ട് കൊണ്ടുള്ള ഗുണപരമായ സമൂലമാറ്റത്തിന്‍റെ നല്ല തുടക്കം ആകട്ടെ എന്ന് പ്രത്യാശിക്കുന്നു എന്നും സുധീരൻ പറഞ്ഞു.
വി.ഡി.സതീശനെ അഭിനന്ദിച്ച് മുതിർന്ന നേതാക്കൾ അതേസമയം വിഡി സതീശനെ പ്രതിപക്ഷനേതാവായി തിരഞ്ഞെടുത്ത തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സതീശന് എല്ലാവിധ ആശംസകളും നേരുന്നു. കഴിഞ്ഞ അഞ്ചുവർഷം ചെന്നിത്തല മാതൃകാപരമായി പ്രവർത്തിച്ചു. പിണറായി സർക്കാരിനെ മുൾമുനയിൽ നിർത്താൻ പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തലയ്ക്ക് സാധിച്ചു. സതീശന് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നന്നായി പ്രവർത്തിക്കാൻ കഴിയും.
എംഎൽഎ എന്ന നിലയിൽ നല്ല രീതിയിൽ പ്രവർത്തിച്ച ആളാണ് സതീശൻ. തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പൂർണ ഉത്തരവാദിത്വം തനിക്ക് ആണെന്ന് കേന്ദ്ര നേതാക്കളെ അറിയിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷനായി എഐസിസിയാണ് നിയമിച്ചത്. എത്രയും പെട്ടെന്ന് എഐസിസി തീരുമാനമെടുക്കണം എന്നാണ് തന്റെ അഭിപ്രായം. കെപിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.