തിരുവനന്തപുരം: മുഖ്യമന്ത്രിയാകാൻ തയാറാണെന്ന ശശി തരൂർ എംപിയുടെ പ്രസ്‌താവനയിൽ പരോക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ. നാല് വർഷം കഴിഞ്ഞ് ആര് എന്താകുമെന്ന് ഇപ്പോൾ പറയേണ്ടതില്ലെന്നും ആരെങ്കിലും വല്ല കോട്ടും തയ്ച്ചുവച്ചിട്ടുണ്ടെങ്കിൽ അതങ്ങ് ഊരി വയ്‌ക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ കരുണാകരൻ സെന്‍റർ നിർമാണ പ്രവർത്തനോദ്ഘാടന വേദിയിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
ലോക്‌സഭ തെരഞ്ഞെടുപ്പിന് വേണ്ടി തയാറെടുക്കണം. ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും ചെന്നിത്തല പറഞ്ഞു. പാർട്ടിയിൽ പറയേണ്ടത് പാർട്ടിയിലാണ് പറയേണ്ടതെന്ന് കെ മുരളീധരനും വിമര്‍ശിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പാകണം ലക്ഷ്യം. ജയിച്ചില്ലെങ്കിൽ പിന്നെ മറ്റ് തെരഞ്ഞടുപ്പിനെ കുറിച്ച് ചിന്തിക്കേണ്ടി വരില്ല. സ്ഥാനാർഥികളെ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്നും മുരളീധരൻ പറഞ്ഞു.
എന്ത് പറയാനുണ്ടെങ്കിലും പാർട്ടിയിലാണ് പറയേണ്ടതെന്നും കോൺഗ്രസുകാർ പരസ്‌പരം പറയുന്നത് ചർച്ചയാക്കാൻ ഇടവരുത്തരുതെന്നും കെസി വേണുഗോപാൽ പറഞ്ഞു. എന്തൊക്കെ പുറത്ത് പറയണം പറയണ്ട എന്ന് നേതാക്കൾ തന്നെ ചിന്തിക്കണം. രണ്ടാം പിണറായി സർക്കാരിനെ കമ്മ്യൂണിസ്‌റ്റുകാർ പോലും എതിർക്കുന്നുവെന്നും കെസി വേണുഗോപാൽ വിമര്‍ശിച്ചു.
മാധ്യമങ്ങൾ സൃഷ്‌ടിക്കുന്ന നേതാക്കൾ ജനഹൃദയങ്ങളിൽ കാണില്ലെന്നായിരുന്നു തരൂരിന്‍റെ പ്രസ്‌താവനക്കെതിരെ യുഡിഎഫ് കൺവീനർ എംഎം ഹസന്‍റെ പ്രതികരണം. ജനങ്ങളാണ് നേതാക്കളെ സൃഷ്‌ടിക്കുന്നത്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ ആകണമെന്ന് ആഗ്രഹിക്കാം. എന്നാൽ അത് തുറന്നു പറഞ്ഞു നടക്കാൻ പാടില്ല. കേരളത്തിലിപ്പോൾ ഗ്രൂപ്പിസം വലുതായില്ല. ഉള്ളത് അവനവനിസമാണെന്നും ഹസൻ പറഞ്ഞു.
കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെയും കെ മുരളീധരൻ വിമർശനം ഉന്നയിച്ചു. ഇന്നലെ ഫോണുകളെല്ലാം പ്രസിഡന്‍റ് ഓഫാക്കി വച്ചിരുന്നു. എന്നാൽ യോഗത്തിൽ നടന്നതെല്ലാം ഇന്ന് പത്രത്തിലുണ്ടെന്നായിരുന്നു മുരളീധരന്‍റെ വിമര്‍ശനം. ഇന്നലെ(12.01.2023) നടന്ന കെപിസിസി നിർവാഹക സമിതി യോഗത്തിലെ വിശദാംശങ്ങൾ മാധ്യമങ്ങളിലെത്തിയതിന് പിന്നാലെയായിരുന്നു മുരളീധരൻ സുധാകരനെതിരെ വിമർശനം ഉന്നയിച്ചത്. പറയാനുള്ളത് പാർട്ടിയിൽ പറയണം. എല്ലാ കാര്യവും പിറ്റേന്ന് കൃത്യമായി പത്രത്തിൽ വരും. അച്ചടക്ക നടപടി ഭയക്കുകയും വേണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ചാനൽ പരിപാടിക്കിടെയാണ് കേരള മുഖ്യമന്ത്രിയാകാൻ തയാറാണെന്ന് ശശി തരൂർ എംപി പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ജനങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയാകാന്‍ പര്യാപ്‌തനാണോ എന്നതൊക്കെ ജനങ്ങളാണ് തീരുമാനിക്കേണ്ടത്. നമ്മളതിന് തയാറാകണം, താന്‍ തയാറാണെന്നും ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.
ശശി തരൂരിന് മുഖ്യമന്ത്രിയാകണമെങ്കിൽ അക്കാര്യം പരസ്യമായല്ല ഹൈക്കമാന്‍ഡിനെ അറിയിക്കുകയാണ് വേണ്ടതെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും വിമർശിച്ചിരുന്നു. ആർക്കും പദവികൾ ആഗ്രഹിക്കാം. എന്നാൽ, പാർട്ടി നടപടിക്രമങ്ങൾ പാലിക്കണം. സ്ഥാനാർത്ഥിത്വം തീരുമാനിക്കാൻ മാനദണ്ഡങ്ങളുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കില്ലെന്ന് എംപിമാരായ ടിഎൻ പ്രതാപന്‍റെയും ശശി തരൂരിന്‍റെയും പരസ്യ പ്രതികരണങ്ങളെയും താരിഖ് അൻവർ വിമർശിച്ചു. പ്രതികരണം ഉചിതമായില്ലെന്നും ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടതെന്നും താരിഖ് അൻവർ പ്രതികരിച്ചിരുന്നു.