തിരുവനന്തപുരം :ജനാധിപത്യത്തിന്‍റെ മാതാവാണ് ഇന്ത്യ എന്ന് പറയുന്ന പ്രധാനമന്ത്രി ഇങ്ങനെയാണോ ലോകത്തിനുമുമ്പിൽ ആ ഉദാഹരണം കാണിക്കുന്നതെന്ന് കുറ്റപ്പെടുത്തി ശശി തരൂർ എം.പി. രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ ലോക്‌സഭ സെക്രട്ടേറിയറ്റിന്‍റെ നടപടിയിലായിരുന്നു തരൂരിന്‍റെ പ്രതികരണം. വിധി കോടതി സ്‌റ്റേ ചെയ്യാതിരിക്കില്ല എന്നാണ് തന്‍റെ വിശ്വാസമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേട്ടപ്പോള്‍ അതിശയം തോന്നി :ഒറ്റക്കെട്ടായി നിന്ന് ശക്തി കാണിച്ചാൽ മാത്രമേ ഈ രാജ്യത്തിന്‍റെ ജനാധിപത്യത്തിൽ ശക്തമായി ഇടപെടാൻ കഴിയൂവെന്നും പ്രതിപക്ഷ ഐക്യനിര രാഹുൽ ഗാന്ധിക്ക് വേണ്ടി അണിനിരക്കുമെന്നും തരൂര്‍ പറഞ്ഞു. എല്ലാ പ്രതിപക്ഷ പാർട്ടികളും ഇതിനെ വെല്ലുവിളിയായി തന്നെയാണ് കാണുന്നത്. ഇത്ര വേഗത്തിൽ നടപടി സ്വീകരിച്ചത് കണ്ട് അതിശയമാണ് തോന്നിയത്. ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയാൽ ഈ നീക്കം അവസാനിക്കുമെന്നിരിക്കെ ഇങ്ങനെയൊരു നീക്കം എന്തിനെന്ന് മനസിലാകുന്നില്ലെന്നും തരൂര്‍ പ്രതികരിച്ചു.
ലക്ഷദ്വീപ് എം.പി ഫൈസലിനെ ഇതേ മാതൃകയിലാണ് അയോഗ്യനാക്കിയത്. അവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം കോടതിയിൽ നിന്ന് സ്‌റ്റേ ഓർഡർ വാങ്ങിയത് നാം കണ്ടതാണ്. അതുപോലെ തന്നെ വയനാട്ടിലും സംഭവിച്ചേക്കാം. അടിയന്തരമായി സ്വീകരിച്ച ഈ നടപടിക്ക് പല വീക്ഷണങ്ങളും നിയമവ്യവസ്ഥയിൽ ഉണ്ടാകാമെന്നും അതുകൊണ്ട് തന്നെ ചർച്ച ചെയ്‌ത് അപ്പീൽ കേൾക്കുന്ന സമയത്ത് കോടതി സ്‌റ്റേ ചെയ്യാതിരിക്കില്ല എന്നാണ് വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷം ഒന്നിക്കും : പ്രതിപക്ഷത്ത് എപ്പോഴും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. എന്നാൽ ഒരൈക്യം ഇപ്പോൾ രൂപപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് പല സംസ്ഥാനങ്ങളിലെയും പ്രാദേശിക പാർട്ടികളുമായി തർക്കത്തിലാണ്. എന്നാൽ ഇപ്പോൾ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും രാഹുൽ ഗാന്ധിക്ക് വേണ്ടി ഒറ്റക്കെട്ടായി നിൽക്കുകയാണ്. ഇതൊരു വെല്ലുവിളിയായാണ് എല്ലാ പ്രതിപക്ഷ പാർട്ടികളും കാണുന്നതെന്നും തരൂര്‍ പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിന്ന് ശക്തി കാണിച്ചാൽ മാത്രമേ ഈ രാജ്യത്തിന്‍റെ ജനാധിപത്യത്തിന് ഭാവിയുണ്ടാകൂവെന്ന് എല്ലാവരും മനസിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്‌ട്രീയപ്രേരിതം : രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്‌സഭ സെക്രട്ടേറിയറ്റിന്‍റെ നടപടിയില്‍ കൂടുതല്‍ നേതാക്കള്‍ പ്രതികരണവുമായെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ഉത്തരവ് തിടുക്കത്തിലുളളതും രാഷ്‌ട്രീയ പ്രേരിതവുമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പ്രതികരണം. ലോക്‌സഭ സെക്രട്ടേറിയറ്റിന്‍റെ നടപടി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സൂറത്ത് കോടതിയുടെ വിധി അന്തിമവാക്കല്ലെന്നും അദ്ദേഹം പറഞ്ഞു.